പി എം ശ്രീ ഫണ്ട് വാങ്ങരുതെന്ന വാദം മണ്ടത്തരം ആണെന്നും ഫണ്ട് വാങ്ങിയത് കൊണ്ട് കേന്ദ്ര പാഠ്യ പദ്ധതി കേരളത്തിൽ നടപ്പിലാക്കേണ്ടി വരില്ലെന്നും മാധ്യമങ്ങളോട് ശശി തരൂർ. കേരളത്തിലെ നികുതിദായകരായ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഈ പണം. കേന്ദ്ര ഫണ്ട് വേണ്ടെന്ന് വെയ്ക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് മണ്ടത്തരമാണെന്നും തരൂര്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. കേരളത്തിലെ സ്‌കൂളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 1500 കോടി രൂപ വാങ്ങിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
‘പി.എം ശ്രീയെ സിപിഐ എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണ്. നമ്മുടെ നാട്ടിലെ സ്‌കൂളുകളുടെ മേല്‍ക്കൂരകള്‍ അറ്റക്കുറ്റപ്പണികള്‍ നടത്താനും അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും കേന്ദ്രത്തിന്റെ പണം നമുക്ക് ആവശ്യമാണ്. ഒരു തീരുമാനത്തില്‍ തന്നെ കടിച്ചുതൂങ്ങി നില്‍ക്കുന്നത് മണ്ടത്തരമാണ്. എല്ലാത്തിനുമപ്പുറം കേരളം പണം വാങ്ങിയെന്ന് കരുതി കേന്ദ്രത്തിന് പാഠ്യപദ്ധതി നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല’, ശശി തരൂര്‍ വ്യക്തമാക്കി.
പണം വാങ്ങുന്നതിലൂടെ നമ്മുടെ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കുകയാണ് എന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍ അത് ആത്മവിശ്വാസമില്ലായ്മയാണെന്നും തന്റെ അഭിപ്രായത്തില്‍ കേരളത്തിന് എന്ത് പഠിപ്പിക്കണമെന്ന് അറിയാമെന്നും തരൂര്‍ പറഞ്ഞു. ‘ഏത് വിഷയങ്ങള്‍ പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്നൊക്കെ കേരളത്തിന് അറിയാം. പക്ഷെ നമുക്ക് കേന്ദ്രത്തിന്റെ പണം ആവശ്യമാണ്, അത് നമ്മുടെ നികുതിദായകരുടെ പണമാണ്. കേരളത്തിലെ നികുതിദായകര്‍ക്ക് ആ പണത്തിന്റെ ഫലം പറ്റാന്‍ അര്‍ഹതയുണ്ട്.’- ശശി തരൂര് കൂട്ടിച്ചേർത്തു.
