തൃശൂർ :സംസ്ഥാന സ്ക്കൂൾ കലോത്സവ ചരിത്രതിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥി ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കുന്നത് – സിയ ഫാത്തിമ! അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുത്ത സിയ ഫാത്തിമ എ ഗ്രേഡും നേടി. കാസർഗോഡ് പടന്നയിലെ വീട്ടിലിരുന്ന് സിയ ഫാത്തിമ തൃശ്ശൂരിലെ കലോത്സവ വേദിയിൽ നിറങ്ങൾ ചാലിച്ചപ്പോൾ, അത് വെറുമൊരു മത്സരമായിരുന്നില്ല; അതിജീവനത്തിന്റെ വിസ്മയമായിരുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ വാക്കുകൾ. ‘വാസ്കുലൈറ്റിസ്’ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സിയ ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് ക്വാറൻ്റൈൻ കഴിയവെ, മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് എന്തെങ്കിലും വഴികാണാമോ എന്ന് ചോദിച്ച് മന്ത്രി ശിവൻ കുട്ടിക്ക് അയച്ച ഒരു സന്ദേശമാണ് വഴിത്തിരിവായത്. പ്രത്യേക അനുമതിയോടെ സിയ ഫാത്തിമയ്ക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമൊരുങ്ങുകയായിരുന്നു പിന്നീട്. മന്ത്രി ശിവൻകുട്ടി സിയയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ഈ വേളയിൽ ശ്രദ്ധേയമായുകയാണ്
വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമ ചരിത്രം കുറിച്ചു..
കാസർഗോഡ് പടന്നയിലെ വീട്ടിലിരുന്ന് സിയ ഫാത്തിമ തൃശ്ശൂരിലെ കലോത്സവ വേദിയിൽ നിറങ്ങൾ ചാലിച്ചപ്പോൾ, അത് വെറുമൊരു മത്സരമായിരുന്നില്ല; അതിജീവനത്തിന്റെ വിസ്മയമായിരുന്നു.
‘വാസ്കുലൈറ്റിസ്’ എന്ന രോഗത്തിന്റെ വേദനകളെ പൊരുതിത്തോൽപ്പിക്കാൻ അവൾ കാണിച്ച ആത്മധൈര്യത്തിന് മുന്നിൽ ദൂരവും രോഗവും വഴിമാറി. നിശ്ചയിച്ച പ്രകാരം തന്നെ, വീഡിയോ കോൺഫറൻസിംഗിലൂടെ സിയ ഫാത്തിമ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുത്തു.
യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം കലയോടുള്ള അവളുടെ അഭിനിവേശത്തിന് തടസ്സമാകാതിരിക്കാൻ, സർക്കാർ നൽകിയ പ്രത്യേക അനുമതിയിലൂടെ ആ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. ഓൺലൈനായി അധികൃതർ മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്തു.
ആ കുരുന്നിന്റെ മുഖത്തെ ചിരിയും സംതൃപ്തിയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. കലയും മനുഷ്യത്വവും കൈകോർത്ത ഈ നിമിഷം കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും.
സിയയ്ക്ക് അഭിനന്ദനങ്ങൾ… ഈ പോരാട്ടം തോൽക്കാൻ തയ്യാറല്ലാത്ത എല്ലാവർക്കും ഒരു പ്രചോദനമാണ്.
