[Photo Courtesy : ECI Media cell ]
തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത ചൂടിനെ വകഞ്ഞുമാറ്റി തെരഞ്ഞെടുപ്പ് ചൂടിൻ്റെ മൂർദ്ധന്യത്തിലേക്ക് കടന്നുകയറിയിരിയ്ക്കുകയാണ് സ്ഥാനാർത്ഥികൾ. ജനം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി 14 ദിവസം മാത്രം. അതിന് മുൻപെ ജനഹിതം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ചുരുക്കത്തിൽ മത്സരരംഗം കടുത്തിരിയ്ക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 890 സ്ഥാനാർത്ഥികളാണ് 2.7 കോടിയിലധികം വോട്ടർമാരുടെ സമ്മതിദാനാവകാശം തേടുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച 2,125 നാമനിർദ്ദേശങ്ങളിൽ സൂക്ഷ്മപരിശോധനയും സ്ഥാനാർത്ഥിത്വം പിൻവലിക്കലും പൂർത്തിയായതിനെത്തുടർന്നാണ് അന്തിമ പട്ടികയിൽ 890 പേർ മാത്രം ശേഷിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർത്ഥികളുണ്ടായിരുന്നത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ, 13 പേർ.
സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരുണ്ടെന്നാണ് ഇസിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇവർ 30,471 പോളിംഗ് സ്റ്റേഷനുകളിലായി വോട്ട് രേഖപ്പെടുത്തും. വോട്ടർമാരിൽ 1,38,84,001 പേർ സ്ത്രീകളും 1,30,16,593 പേർ പുരുഷന്മാരുമാണ്. പ്രായവിഭാഗം അടിസ്ഥാനമാക്കി നോക്കുമ്പോൾ 40-49 വയസ്സിനിടയിലുള്ളവരാണ് ഏറ്റവും കൂടുതൽ—56,32,036 പേർ. കൂടാതെ, 273 പേർ മൂന്നാം ലിംഗക്കാരും 2,44,927 പേർ ഭിന്നശേഷിക്കാരുമാണെന്ന് കണക്കുകൾ പറയുന്നു.
ജില്ലകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ് (36,32,210 പേർ), ഏറ്റവും കുറവ് വയനാട്ടിൽ (6,43,625 പേർ). കൂടാതെ സംസ്ഥാനത്ത് 53,984 സർവ്വീസ് വോട്ടർമാരുമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
