തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആകെ ലഭിച്ച 2,125 പത്രികകളിൽ 1,637 എണ്ണം അംഗീകരിച്ചതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. വിവിധ കാരണങ്ങളാൽ 337 പത്രികകൾ തള്ളി. പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ ഏകദേശം 1,254 സ്ഥാനാർത്ഥികളാകും അന്തിമ പട്ടികയിൽ ഉണ്ടാവുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് 1.75 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവർക്കായി ‘ഇ-വിദ്യ’ എന്ന ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോമും സജ്ജമാക്കി. ഇതാദ്യമായി മാധ്യമപ്രവർത്തകർക്കും തപാൽ വോട്ട് അനുവദിക്കും. സംസ്ഥാനത്തെ 30,471 പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷയ്ക്കായി 145 കമ്പനി കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അതീവ ജാഗ്രത വേണ്ട 2,040 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും സിഇഒ പറഞ്ഞു.
സംസ്ഥാനത്തെ ആകെ വോട്ടർമാർ 2,71,42,952 ആണ്. ഇതിൽ 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. പ്രവാസി വോട്ടർമാരുടെ എണ്ണം 2,42,093 ആണ്. 18 മുതൽ 30 വയസ്സ് വരെയുള്ള യുവാക്കളെ പോളിംഗ് ബൂത്തിലെത്തിക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്നും ഇത്തവണ 85 ശതമാനം പോളിംഗ് ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിലിരുന്നുള്ള വോട്ടിംഗ് രീതി കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളും കമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക ഫോമുകളിൽ ബിജെപിയുടെ സീൽ പതിപ്പിച്ച സംഭവം ഗുരുതരമായ വീഴ്ചയാണെന്ന് ഖേൽക്കർ സമ്മതിച്ചു. മാർച്ച് 19-ന് വീഴ്ച ശ്രദ്ധയിൽപ്പെട്ട ഉടനെ രാഷ്ട്രീയ പാർട്ടികളെ വിവരമറിയിക്കുകയും തെറ്റ് തിരുത്തുകയും ചെയ്തു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്പെഷ്യൽ സെക്രട്ടറി പി ബി നൂഹിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണം 48 മണിക്കൂറിനുള്ളിൽ പൂർത്തിയാകും.
ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എംഎൽഎ’ പരാമർശമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാകുമോ എന്നതിൽ നിയമോപദേശം തേടിയിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ പോലീസ് സോഷ്യൽ മീഡിയ കണ്ടന്റുകൾ നീക്കം ചെയ്യുന്നത് തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമാണെന്നും സിഇഒ വ്യക്തമാക്കി.
