താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡായ കരിങ്ങമണ്ണയിൽ പ്രചരണത്തിന് ഇറങ്ങാനാവാതെ കുടുക്കിലായിരിക്കുകയാണ് യുഡിഎഫ്. ഇവിടുത്തെ സ്ഥാനാർത്ഥി കേസിലകപ്പെട്ട് ഒളിവിൽ പോയതാണ് യുഡിഎഫിനെ വലച്ചത്. മുസ്‌ലിംലീഗ് ടിക്കറ്റിൽ മത്സരിക്കുന്ന കുടുക്കിലുമ്മാരം സ്വദേശി സൈനുൽ ആബിദീൻ എന്ന ബാബു കുടുക്കിൽ കട്ടിപ്പാറ ഇറച്ചിപ്പാറയിലെ ഫ്രഷ്‌കട്ട് കോഴിയറവുമാലിന്യ സംസ്ക്കരണപ്ലാന്റിനെതിരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കേസുകളിൽ പ്രതിയായാണ് ഒളിവിൽ പോയത്.
എന്നാൽ, ഇതേവാർഡിൽ ജനകീയസമരസമിതിയുടെ ഭാരവാഹികൂടിയായ കോൺഗ്രസ് പ്രാദേശികനേതാവ് വിമതസ്ഥാനാർത്ഥിയായി സജീവമായി തെരഞ്ഞെടുപ്പ് രംഗത്തുണ്ടെന്നത് ഏറെ കൗതുകം. താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോടാണ് പുതുതായി രൂപവത്‌കൃതമായ വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഫ്രഷ്‌കട്ട് വിരുദ്ധ പ്രക്ഷോഭരംഗത്തുള്ള ഇരുതുള്ളിപ്പുഴ സംരക്ഷണസമിതിയുടെ സജീവ ഭാരവാഹിയാണ് ബാലകൃഷ്ണൻ പുല്ലങ്ങോടും. വാർഡ് പുന:ർവിഭജനാനന്തരം വന്ന കരിങ്ങമണ്ണ വാർഡിലെ സ്ഥാനാർത്ഥിനിർണ്ണയ അവകാശം യുഡിഎഫിൽ മുസ്‌ലിംലീഗാണ് ഏറ്റെടുത്തത്. കോൺഗ്രസ് വാർഡ് ഏറ്റെടുക്കണമെന്നതായിരുന്നു പാർട്ടി പ്രവർത്തകരുടെ ആവശ്യമെന്നും സീറ്റ് വീതംവെപ്പിന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തോടുള്ള വിയോജിപ്പിനെത്തുടർന്നാണ് വാർഡിലെ സ്ഥിരതാമസക്കാരനായ ബാലകൃഷ്ണൻ പുല്ലങ്ങോട്
സ്വതന്ത്രനായി മത്സരിക്കുന്നത്.
ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമംനടത്തിയെന്നാരോപിച്ച് സെപ്റ്റംബർ 21-ന് താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലും, ഒക്ടോബർ 21-ലെ ഫ്രഷ്‌കട്ട് സംഘർഷത്തിനിടെ പ്ലാന്റിൽ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നതിന് രജിസ്റ്റർചെയ്ത കേസിലും പ്രതിയാണ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായ ബാബു കുടുക്കിൽ. പോലീസ് ഇദ്ദേഹത്തിന്റെ പേരിൽ നേരത്തേ ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാവകുപ്പുപ്രകാരം രജിസ്റ്റർചെയ്ത ആദ്യകേസിനെ തുടർന്ന് നാട്ടിൽ നിന്ന് മാറിനിൽക്കുന്നതിനിടെയാണ് ഫ്രഷ്‌കട്ട് സംഘർഷമുണ്ടായതും സമരസമിതി ചെയർമാനെന്ന നിലയിൽ ബാബു അതിലും പ്രതിചേർക്കപ്പെട്ടത്.
കേസിൽ പിടികൂടിയാൽ റിമാൻഡിലാവുമെന്നതിനാൽ ഒളിവിൽ തുടരവെയാണ് മുസ്‌ലിംലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. തുടർന്ന് അദ്ദേഹത്തിനുവേണ്ടി ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ നാമനിർദ്ദേശപത്രികയും പ്രവർത്തകർ താമരശ്ശേരി പഞ്ചായത്തിൽ സമർപ്പിച്ചു. ഒളിവിലുള്ളയാളെ നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് സഹായിച്ചതിൻ്റെ ഭാഗമായി ഗസറ്റഡ് ഉദ്യോഗസ്ഥനെയും ഒരു ലീഗ് നേതാവിനെയും പിന്നീട് പോലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടിലിറങ്ങിയാൽ സ്ഥാനാർത്ഥിയെ പിടികൂടി കോടതിയിൽ ഹാജരാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇക്കാരണം കൊണ്ടുതന്നെ ബാബു കുടുക്കിലിന് ഒളിവിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടരേണ്ടിവരും
