കൊച്ചി: കൊച്ചി കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത നിര. മുൻ ഡെപ്യൂട്ടി മേയറടക്കം പത്തോളം കോൺഗ്രസ് നേതാക്കളാണ് വിമതരായി യുഡിഎഫിന് എതിരെ മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിയ്ക്കുമെന്ന് അറിയാമായിട്ടും മത്സരരംഗത്ത് നിന്ന് ആരും പിന്മാറാൻ തയ്യാറായില്ല.
കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതരിൽ പ്രമുഖൻ. ഗിരിനഗറില്‍ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പ്, പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സ്, 72 ആം ഡിവിഷനിൽ മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ബാസ്റ്റിന്‍ ബാബു എന്നിങ്ങനെ പോകുന്നു വിമതനിര.
മാനശ്ശേരി ഡിവിഷനില്‍ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടന്‍വേലി ഈസ്റ്റ് ഡിവിഷനനിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് ആഷ്‍ലിയും മൂലംകുഴി ഡിവിഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സോണിയും പള്ളുരുത്തിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ബ്ലോക്ക് സെക്രട്ടറിയുമായ ഹസീനയും വിമതരായി മത്സരിക്കുന്നു.
അതേസമയം, വിമതരായി മത്സരരംഗത്തുള്ളവരെയെല്ലാം പത്രിക പിൻവലിച്ചില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
