മലപ്പുറം : എസ്‌ഐആർ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വെച്ച് ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എല്‍.ഒ. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ ഉടനടി ചുമതലയിൽ നിന്ന് നീക്കി ജില്ലാ കളക്ടർ വി.ആർ. വിനോദ്. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. ഇതിന് മറുപടി ലഭിച്ചശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ചെറിയ പരപ്പൂർ എ.എം.എൽ.പി. സ്കൂൾ അദ്ധ്യാപിക പ്രസീനയ്ക്ക് പകരം ബി.എൽ.ഒ. ചുമതല നൽകിയതായി പത്രക്കുറിപ്പിൽ പറയുന്നു.
തവനൂർ മണ്ഡലം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. വാസുദേവനാണ് ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയത്. ബി.എൽ.ഒമാർ വീടുകളില്‍ ഫോം എത്തിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെ ക്യാംപ് എന്ന തരത്തിൽ പ്രായമായവരേയും സ്ത്രീകളേയും ക്യൂ നിര്‍ത്തി ഫോം വിതരണം ചെയ്തത് ചില വോട്ടർമാർ എതിര്‍ത്തതാണ് ബി.എല്‍.ഒയെ പ്രകോപിതനാക്കിയത്. പൊന്നാനി ബ്ലോക്ക് ഓഫിസിലെ ജീവനക്കാരനാണ് വാസുദേവന്‍.
ഫോം വീട്ടില്‍ എത്തിക്കേണ്ടതല്ലേ എന്ന് ചില നാട്ടുകാര്‍ ചോദിച്ചതോടെ ബി.എല്‍.ഒ. പ്രകോപിതനാവുകയായിരുന്നു. വില്ലേജ് ഓഫീസറോട് പോയി പറയണം എന്ന് നാട്ടുകാരോട് ആക്രോശിച്ചു. തര്‍ക്കം രൂക്ഷമായപ്പോൾ ചിലർ ഫോണില്‍ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ ബിഎല്‍ഒയും ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ചിലർ ഇടപെട്ട് ബിഎല്‍ഒയെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും വീഡിയോ ചിത്രീകരണം തുടരുന്നതുകണ്ട് ‘എന്നാ ഇതു കൂടി എടുത്തോ’ എന്ന് ആക്രോശിച്ച് ഉടുമുണ്ട് പൊക്കി കാണിയ്ക്കുകയായിരുന്നു. ബി.എൽ.ഒയുടെ പ്രവൃത്തി കണ്ട് ചില സ്ത്രീകള്‍ മുഖം തിരിക്കുന്നതും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്
