തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിക്കാനായി വീണ്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനെത്തുന്നു. ഒപ്പം, ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും ഇവിടെ കണ്ണുവെയ്ക്കുമ്പോൾ നിലവിലെ ഇടതുപക്ഷ എംഎൽഎ വി കെ പ്രശാന്തിൻ്റെ വട്ടിയൂർക്കാവ്, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സ്ഥാനാർത്ഥി നിർണ്ണയത്തിനും മുൻപെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇവിടെ ത്രികോണ മത്സരം കനക്കുമെന്ന് ഏതാണ്ടുറപ്പിക്കാം.
തിരുവനന്തപുരം മേയർ എന്ന നിലയിൽ വികെ പ്രശാന്ത് നേടിയെടുത്ത പ്രവർത്തന മികവാണ് വട്ടിയൂർക്കാവിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണകരമായത്. അതുവരെ യുഡിഎഫിൻ്റെ സിറ്റിംങ് സീറ്റായ ഇവിടം ഉപേക്ഷിച്ച് കെ മുരളീധരൻ പാർലമെൻ്റ് മോഹവുമായി പോയതോടെയാണ് പ്രശാന്ത് വട്ടിയൂർക്കാവ് പിടിച്ചെടുത്തത്. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വട്ടിയൂർക്കാവുകാർ വികെ പ്രശാന്തിൽ തന്നെ വിശ്വാസമർപ്പിച്ചു. വീണ്ടും കെ മുരളീധരൻ തന്നെ മത്സര രംഗത്ത് വന്നാൽ സീറ്റ് പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.
അതേസമയം, മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുകയും പിന്നീട് തഴയേണ്ടിവരികയും ചെയ്ത ആർ ശ്രീലേഖയ്ക്ക് വട്ടിയൂർക്കാവ് നൽകാമെന്നിരിക്കെയാണ് കെ സുരേന്ദ്രൻ്റെ കടന്നു വരവ്. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്നുവരെ സുരേന്ദ്രൻ പറഞ്ഞതായി മാധ്യമ വാർത്തകളും പുറത്തുവന്നിരുന്നു. ഏതായാലും തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ , വട്ടിയൂർക്കാവിലെ വോട്ടർമാർ ഇപ്പോഴെ അതിൻ്റെ ചൂടറിഞ്ഞുതുടങ്ങും എന്നർത്ഥം!
