ന്യൂയോർക്ക് : ക്വീന്‍സില്‍ നിന്നുള്ള സംസ്ഥാന നിയമസഭാംഗമായ 34 കാരനായ സൊഹ്‌റാന്‍ മംദാനി, ന്യൂയോര്‍ക്കിന്റെ 111-ാമത് മേയറാകും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ മേയറുമായ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സൊഹ്‌റാൻ മംദാനി വൻ വിജയം നേടിയത്. ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലീം മേയറാകുന്ന മംദാനി നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ന്യൂയോർക്കിൽ മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനുമാണ്.
നേരത്തെ, വോട്ടെടുപ്പിൽ വൻ പോളിങ്ങാണ് രേഖപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം രണ്ട് ദശലക്ഷത്തിലധികം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 1969 ന് ശേഷം ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇത്രയധികം ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനിക്ക് അനുകൂലമായിരുന്നു.
ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് 34കാരനായ സൊഹ്‌റാൻ. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായി പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹം, വാടക മരവിപ്പിക്കൽ, സൗജന്യ സിറ്റി ബസ് യാത്ര, ധനികർക്ക് അധിക നികുതി തുടങ്ങിയ പുരോഗമനപരമായ വാഗ്ദാനങ്ങൾ നൽകിയാണ് ജനപിന്തുണ നേടിയത്.
സൊഹ്‌റാൻ മംദാനിയുടെ വിജയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ്. മംദാനിയ്‌ക്കെതിരെ പരസ്യമായി ട്രംപ് രംഗത്തെത്തിയിരുന്നു. പ്രചാരണത്തിന്റെ അവസാന നിമിഷം വരെയും ശക്തമായി ട്രംപ് രംഗത്തുണ്ടായിരുന്നു. മംദാനി മേയറായാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് വരെ ട്രംപ് മുന്നറിയിപ്പ് നൽകി. മംദാനിയെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണങ്ങളത്രയും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് മംദാനിക്കെതിരെയുള്ള ട്രംപിൻ്റെ മുന്നറിയിപ്പ്. ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി വിജയിച്ചാൽ എറ്റവും കുറഞ്ഞ തുക മാത്രമായിരിക്കും ന്യൂയോർക്കിന് ഫെഡറൽ ഫണ്ട് അനുവദിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റി സാമൂഹിക ദുരന്തമാകുമെന്നും ട്രംപ് ആരോപിച്ചു. മംദാനി വിജയിച്ചതോടെ ട്രംപിന്റെ സമീപനം ഇനിയെന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് സ്വതന്ത്രനായി മുൻ ഗവർണർ ആൻഡ്രൂ ക്വോമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെ അട്ടിമറിച്ച് നേരത്തെ സൊഹ്റാൻ മംദാനി രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
