പൊന്നാനി : കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാനായി പൊന്നാനിയിൽ സ്വന്തം നിലയിൽ ഓഫീസ് തുറന്ന് ഇ.ശ്രീധരൻ. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഡിപിആർ തയ്യാറാക്കുന്നതെന്നാണ് ശ്രീധരന്റെ അവകാശവാദം. എന്നാൽ റെയിൽവെയുടെ ഭാഗത്ത് നിന്നോ മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച് യാതൊരു ഔദ്യോഗിക പ്രതികരണവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽവെ ഇടനാഴികളിൽ കേരളം ഉണ്ടായിരുന്നുമില്ല.
ഇന്നു മുതൽ തന്നെ ഓഫീസ് പ്രവർത്തനം തുടങ്ങുമെന്ന് ശ്രീധരൻ പ്രതികരിച്ചു. ജീവനക്കാര്‍ ഒരോരുത്തരായി അടുത്ത ദിവസം തന്നെ എത്തിച്ചേരുമെന്നും ഒരോരുത്തര്‍ക്കും ആവശ്യമായ നിര്‍ദ്ദേശം നൽകുമെന്നും ഓഫീസ് ഉദ്ഘാടനത്തിനുശേഷം ഇ ശ്രീധരൻ പ്രതികരിച്ചു.
തന്‍റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുകയെന്ന് ഇ ശ്രീധരൻ വെളിപ്പെടുത്തി. ജനങ്ങളിലേക്ക് ഈ പദ്ധതിയുടെ വിശദാംശങ്ങളുമായി ഇറങ്ങാനാണ് ഇ. ശ്രീധരന്‍റെ പരിപാടി. ഫെബ്രുവരി 15 മുതൽ യോഗങ്ങൾ നടത്തും. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും. പിന്നാലെ പദ്ധതി പ്രകാരം ട്രെയിൻ കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിക്കും.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആയിരിക്കും പ്രവർത്തനമെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ശ്രീധരൻ പറഞ്ഞു. സമയമാണ് ഇവിടെ പണം. വേഗം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോകണം. കൊങ്കണ്‍ റെയിൽവെയുടെ ഡിപിആര്‍ അടക്കം തയ്യാറാക്കിയ ആത്മവിശ്വാസമുണ്ട്. ഏപ്രിലിൽ ഫീൽഡ് വര്‍ക്ക് ആരംഭിക്കും. പാതയുടെ അലൈന്‍മെന്‍റ് അടക്കം തീരുമാനിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. നിലവിൽ ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്.
സ്റ്റേഷനുകളായി നിശ്ചയിച്ച സ്ഥലങ്ങളിൽ പരിശോധനകൾ നടത്തും. 22 റെയിൽവെ സ്റ്റേഷനുകളാണ് വേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫീൽഡ് വര്‍ക്ക് ജൂണിന് മുമ്പായി തീര്‍ക്കും. ശേഷമായിരിക്കും സർവ്വെ നടപടികൾ. . 20 മീറ്റര്‍ വീതിയാണ് പാതക്ക് ആവശ്യമായിട്ടുള്ളത്. നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയാകും ഈ നടപടികൾ. തുടർന്നാകും ഭൂമി ഏറ്റെടുക്കൽ നടപടികളെന്നും ശ്രീധരൻ പറഞ്ഞു.
പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് തങ്ങൾ നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതെന്നാണ് ശ്രീധരന്റെ വാദം. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാതയാണ് ശ്രീധരൻ മുന്നോട്ട് വെക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മറ്റൊരു അതിവേഗ പാത പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
