തിരുവനന്തപുരം : കഴിഞ്ഞ മൂന്നര മാസം കൊണ്ട് കേരളത്തിലെ നഗരങ്ങളിൽ നിന്ന് ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ചത് 100.14 ടൺ ഇ മാലിന്യം. ഇ മാലിന്യം കൈമാറിയവർക്ക് പ്രതിഫലമായി നൽകിയതാകട്ടെ 12,07,111 രൂപയും! ഇ മാലിന്യം അങ്ങോട്ട് പണം കൊടുത്ത് ശേഖരിക്കാനുള്ള ക്ലീൻ കേരള കമ്പനിയുടേയും തദ്ദേശ വകുപ്പിൻ്റേയും തീരുമാനം ശരിവെയ്ക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.
റോഡിലും തോട്ടിലും കിടക്കേണ്ട 100141 കിലോ ഇ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ഗ്രാമ പഞ്ചായത്തുകളിലേക്കും പദ്ധതി ഇപ്പോൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 448.09 ടൺ ഇ മാലിന്യമാണ് ക്ലീൻ കേരള കമ്പനി മാത്രം കേരളത്തിൽ ശാസ്ത്രീയമായി സംസ്ക്കരിച്ചത്.
വികസിത രാജ്യങ്ങൾ പോലും ആശങ്കയോടെ നോക്കിക്കാണുന്ന ഒരു പ്രശ്നത്തെയാണ് ജനകീയ ഇടപെടലിലൂടെ നാം അഭിസംബോധന ചെയ്യുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മാതൃകാപരമായ പദ്ധതിക്ക് നേതൃത്വം നൽകുന്ന ക്ലീൻ കേരള കമ്പനിയേയും ഹരിത കർമ്മ സേനാംഗങ്ങളേയും തദ്ദേശ സ്ഥാപനങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
