ന്യൂഡൽഹി : ചരക്കു-സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് 12%, 28% സ്ലാബുകൾ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് ആറംഗ മന്ത്രിതല സമിതിയുടെ പച്ചക്കൊടി. ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് കേന്ദ്രത്തിന്റെ ശുപാർശ അംഗീകരിച്ചത്. സംസ്ഥാന ധനമന്ത്രിമാരും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിലിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഉപസമിതിയാണിത്.
ദീപാവലിക്ക് വൻ സർപ്രൈസ് ആയി ജിഎസ്ടി ഘടന പരിഷ്കരിക്കുമെന്നും ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സംസ്ഥാന മന്ത്രിമാർ ഉൾപ്പെടുന്ന മന്ത്രിതല സമിതിയിൽ നിന്ന് പച്ചക്കൊടി കിട്ടിയതോടെ, വൈകാതെ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗവും കേന്ദ്രത്തിന്റെ ശുപാർശ അംഗീകരിക്കാനുള്ള സാദ്ധ്യതയേറി. ജിഎസ്ടി കൗൺസിലാണ് ശുപാർശകളിന്മേൽ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്.
ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്കും കർഷകർക്കും ഇടത്തരം കുടുംബങ്ങൾക്കും എംഎസ്എംഇ സംരംഭകർക്കും ആശ്വാസമാകുമെന്ന്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇതിൽനിന്ന് 12%, 28% സ്ലാബുകൾ ഒഴിവാക്കും. 12% സ്ലാബിലെ ഉൽപന്ന/സേവനങ്ങളെ 5 ശതമാനം സ്ലാബിലേക്കും 28% സ്ലാബിലെ ഒട്ടുമിക്കവയെയും 18% സ്ലാബിലേക്കും മാറ്റും. അതോടെ നിരവധി ഉൽപന്നങ്ങൾക്ക് വില കുറയും
ബിഹാർ ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അദ്ധ്യക്ഷനായ മന്ത്രിതല സമിതിയിൽ ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ എന്നിവരും കേരളത്തിൻ്റെ ധനമന്ത്രി കെ.എൻ. ബാലഗോപാലുമാണ് അംഗങ്ങൾ.