സംഭാൽ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയ പെൺകുട്ടിയെയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോഴേക്കും തെരുവ് നായ്ക്കൾ പെൺകുട്ടിയുടെ ഒരു കൈ കടിച്ചു പറിച്ചെടുത്തിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഹസ്രത്നഗർ ഗർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോട്ട ഗ്രാമത്തിലാണ് സംഭവം. വിനോദിന്റെ മകൾ റിയ ഗൗതമിനാണ് തെരുവ് നായയ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പെൺകുട്ടി നിലവിളികേട്ട് വീട്ടുകാരും ഗ്രാമവാസികളും ഓടിയെത്തിയെങ്കിലും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ പാടുപ്പെട്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അമ്മയ്ക്കും നായ്ക്കളുടെ കടിയേറ്റു. കഴിഞ്ഞ കുറെ മാസങ്ങളായി നായ്ക്കൾ ഇത്തരത്തിൽ ആളുകളെ പലരെയും ആക്രമിച്ചിട്ടുണ്ടെന്നും നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഗ്രാമവാസികൾ പറഞ്ഞു.
