കൊല്ലം : കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. ദേശീയ പാതയുടെ സൈഡ് വാൾ ചരിഞ്ഞു വീഴുകയായിരുന്നു. സർവ്വീസ് റോഡും തകർന്നു. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി. ബസിനുള്ളിൽ നിന്നും കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആർക്കും പരുക്കുകൾ ഇല്ല. ഇന്ന് വൈകുന്നേരമാണ് ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്. വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്.റോഡ് ഉയരത്തിൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങൾ നടത്തിയാണ് നിർമ്മാണങ്ങൾ ആരംഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നതെങ്കിലും ഇത്തരത്തിലുള്ള വലിയ അപകടം എങ്ങിനെ ഉണ്ടായി എന്ന ആശങ്ക നിലനിൽക്കുന്നു.
സംഭവത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോടാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
സർവ്വീസ് റോഡിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റാൻ ക്രെയിൻ എത്തിച്ചിട്ടുണ്ട്. വീണ്ടും ഇടിയാൻ സാദ്ധ്യതയുള്ളതിനാൽ സംഭവ സ്ഥലത്ത് നിന്ന് ആളുകളം പോലീസ് ഒഴിപ്പിച്ചു. ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. അപകട സ്ഥലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചതായി പോലീസ് അറിയിച്ചു.
