(Photo Courtesy : ANI)
ഹൈദരാബാദ് : ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ പ്രകാശ് രാജ്. 2016ലുണ്ടായ സംഭവമാണെന്നും ധാർമ്മികമായി താൻ അതിൽ പങ്കെടുത്തിട്ടില്ലെന്നും പണം സമ്പാദിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം പ്രകാശ് രാജ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹൈദരാബാദ് ബഷീർബാഗിലെ ഇഡി ഓഫിസിലാണ് പ്രകാശ് രാജ് ചോദ്യം ചെയ്യലിനു ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ജോലിയുടെ ഭാഗമായാണ് വിളിപ്പിച്ചതെന്നും ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നും നടൻ വ്യക്തമാക്കി. ഇതിൽ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
2016ൽ ജംഗ്ലീ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തത്. സൈബരാബാദ് പോലീസ് സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. ബെറ്റിങ് ആപ്പ് കമ്പനിയുമായുള്ള കരാർ അവസാനിച്ചുവെന്ന് 2017നു ശേഷം ഗെയിം ആപ്ലിക്കേഷനുകൾ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്തതിൽ പ്രകാശ് രാജ് ഉൾപ്പെടെ 29 പ്രമുഖരാണ് കേസിൽ ഉൾപ്പെട്ടത്.
