ഡൽഹി നിവാസികൾക്ക് കണ്ണീർ മഴ തന്നെ ശരണം!; കൃത്രിമ മഴ പരീക്ഷണം അമ്പേ പരാജയം

Date:

ന്യൂഡൽഹി : ഡൽഹിയിൽ ഏറെ കൊട്ടിഘോഷിച്ച ‘ക്ലൗഡ്സീഡിംഗ്’ പരീക്ഷണം പരാജയം.   മലിനീകരണത്തിനെതിരായി കൃത്രിമ മഴ പെയ്യിച്ചാൽ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും ഒരു തുള്ളി പോലും മഴ ലഭിച്ചില്ല. പകരം, വിഷവായു ശ്വസിച്ച് കണ്ണീർ പൊഴിക്കാൻ തന്നെ ഡൽഹി നിവാസികൾക്ക് യോഗം.
തലസ്ഥാനത്തെ വിഷവായു മുൻപത്തെപ്പോലെ തന്നെ കട്ടിയായി ജനങ്ങളെ തുറിച്ചു നോക്കി നിൽക്കുന്നു!

ഡൽഹിയിലെ സർക്കാരുകൾ കൃത്രിമ മഴ പെയ്യിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് എന്ന ആശയം മുന്നോട്ട് വെക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പ്രത്യേകിച്ച് ശൈത്യകാലത്ത് താപനില കുറയുകയും കാറ്റിൻ്റെ വേഗത കുറയുകയും ചെയ്യുമ്പോൾ മലിനീകരണ വസ്തുക്കൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് ഉണ്ടാക്കാവുന്ന അപകടത്തിൽ നിന്ന് താൽക്കാലികമായെങ്കിലും രക്ഷപ്പെടാനായിരുന്നു ഈ പരീക്ഷണം. ഒടുവിലത് നടപ്പാക്കിയെങ്കിലും ‘മഴദൈവങ്ങൾ’ കനിഞ്ഞില്ല. അന്തരീക്ഷത്തിലെ  മാലിന്യങ്ങൾ കഴുകിക്കളയാൻ കൃത്രിമ മഴ പെയ്യിക്കാൻ ഇറങ്ങി തിരിച്ചവരെ നോക്കി മൂക്കത്ത് വിരൽവെക്കേണ്ട ഗതികേടിലുമായി.

2009-ൽ മുംബൈയിൽ പരീക്ഷിച്ച് വിജയം കാണാതെപോയ ക്ലൗഡ് സീഡിംഗ് പദ്ധതിയാണ് ബിജെപി സർക്കാർ ഡൽഹിയിലും പ്രാവർത്തികമാക്കാൻ നോക്കിയത. രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ 3 കോടിയിലധികം രൂപ ചെലവിട്ടാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ അഞ്ച് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങളാണ് കാൺപൂർ ഐഐടി സഹകരിച്ച് നടത്തിയത്.

ചൊവ്വാഴ്ച, ഐഐടി കാൺപൂരിൽ നിന്നുള്ള ഒരു വിമാനം 400 കിലോമീറ്ററോളം പറന്ന് ഡൽഹിയിലെത്തി. ബുരാരി, മയൂർ വിഹാർ, കരോൾ ബാഗ് എന്നിവിടങ്ങളിലെ മേഘങ്ങൾക്ക് മുകളിൽ മഴ പെയ്യിക്കാൻ വേണ്ടി സിൽവർ അയഡൈഡ് മിശ്രിതം വിതറി. മൂന്ന് മണിക്കൂറിനുശേഷം ഇതേ പ്രദേശങ്ങളിൽ രണ്ടാമതും ഈ പ്രക്രിയ ആവർത്തിച്ചു.
ക്ലൗഡ് സീഡിംഗിൻ്റെ പിന്നിലെ ശാസ്ത്രം ലളിതമാണ്: സിൽവർ അയഡൈഡിന് ഐസിന് സമാനമായ ഘടനയാണുള്ളത്. ജലത്തുള്ളികൾ രൂപപ്പെടുന്നതിനുള്ള ‘വിത്തുകൾ’ (seeds) ആയി ഈ കണികകൾ പ്രവർത്തിക്കുന്നു. ആവശ്യത്തിന് തുള്ളികൾ ശേഖരിക്കുമ്പോൾ, അവയ്ക്ക് ഭാരം കൂടുകയും മഴയായി പെയ്യാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു.

എന്നാൽ, ഡൽഹിയിൽ ഈ പരീക്ഷണം വിജയിക്കാൻ സാദ്ധ്യത കുറവായിരുന്നിട്ടും കോടികൾ ചെലവിട്ടു എന്നത് മാത്രമാണ് സത്യം. ക്ലൗഡ് സീഡിംഗ്, കാറ്റിൻ്റെ വേഗത, നിലവിലുള്ള മഴമേഘങ്ങൾ തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നാണ് വിദഗ്ദാഭിപ്രായം. ശൈത്യകാലത്ത് ഡൽഹിയിൽ സാധാരണയായി ഈ സ്ഥിതിവിശേഷം ഉണ്ടാവാറില്ല. ഈ കാലയളവിൽ മിക്ക ദിവസങ്ങളും വരണ്ടതായിരിക്കും. ചൊവ്വാഴ്ച ഒന്നോ രണ്ടോ തവണ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ (IMD) പ്രവചനമാണ് പരീക്ഷണം നടത്താൻ ഡൽഹി സർക്കാരിനെയും ഐഐടി കാൺപൂരിനെയും പ്രേരിപ്പിച്ചത് എന്നത് യാഥാർത്ഥ്യവും.

ചൊവ്വാഴ്ച ആകാശം മേഘാവൃതമായിരുന്നെങ്കിലും, മേഘങ്ങളിലെ ഈർപ്പത്തിൻ്റെ അളവ് 10-15% മാത്രമായിരുന്നു. ക്ലൗഡ് സീഡിംഗിന് കുറഞ്ഞത് 50-60% ഈർപ്പം ആവശ്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
“മേഘങ്ങളിലെ ഈർപ്പത്തിൻ്റെ അളവ് 10-15% ആയി തുടർന്നു, ഇത് ക്ലൗഡ് സീഡിംഗിന് അനുയോജ്യമായ സാഹചര്യമല്ല,” ഐഐടി കാൺപൂരിൻ്റെ റിപ്പോർട്ടിൽ തന്നെ പറയുന്നു. ഈ സമയത്ത് ഡൽഹി-എൻസിആറിന് മുകളിൽ അന്തരീക്ഷത്തിൽ ആവശ്യത്തിന് ഈർപ്പം ഇല്ലാത്തതിനാൽ ഈ സംരംഭം പരാജയപ്പെടാൻ സാദ്ധ്യത ഏറെയായിരുന്നുവെന്നാണ് വിദഗ്ദ്ധർ പറഞ്ഞത്.

“മേഘങ്ങൾ ഉണ്ടായത് കൊണ്ട് മാത്രം അവ അനുയോജ്യമാകണമെന്നില്ല. ശൈത്യകാലത്ത്, സാധാരണയായി പടിഞ്ഞാറൻ അസ്വസ്ഥതകൾ (western disturbances) ഉണ്ടാകുമ്പോൾ അനുയോജ്യമായ മഴമേഘങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമേ ക്ലൗഡ് സീഡിംഗ് ചെയ്യാവൂ,” യുകെയുടെ യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ ഗവേഷകനായ ഡോ. അക്ഷയ് ദിയോറസ് പറഞ്ഞതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു.
ഈ ഘടകങ്ങൾ ചൊവ്വാഴ്ചത്തെ പരീക്ഷണങ്ങൾക്ക് മുൻപ് കണക്കിലെടുത്തിരുന്നോ എന്നത് ഇപ്പോഴും അവ്യക്തം. അതേപോലെ, ഒരു ചതുരശ്ര കിലോമീറ്ററിന് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പരീക്ഷണം ഇത്രയും നിസ്സാരവൽക്കരിച്ച് നടത്തേണ്ടതാണോ എന്നും സർക്കാർ പുന:രാലോചിക്കേണ്ടിയിരിക്കുന്നു.

കൗതുകകരമായ മറ്റൊന്ന് കൂടി ഇതോട് ചേർത്ത് വായിക്കാം – 2024 ഡിസംബറിൽ, പാർലമെന്റിൽ ഒരു ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഡൽഹി സർക്കാരിൽ നിന്ന് ശാസ്ത്രീയ വിദഗ്ദ്ധ അഭിപ്രായം നേടുകയും അത് പങ്കുവെക്കുകയും ചെയ്തിരുന്നു. അതിങ്ങനെ –

*ഈ മാസങ്ങളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ കഴിയില്ല
*മേഘങ്ങൾ പെയ്യിച്ചാലും, ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് മഴ ബാഷ്പീകരിക്കപ്പെടും
*ഡൽഹിയിലെ ജനങ്ങൾക്ക് കൃത്രിമ മഴ രോഗങ്ങൾ ഉണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026...

പിഎം ശ്രീ: സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ്  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിനെതിരെസംസ്ഥാനത്ത് ബുധനാഴ്ച  യുഡിഎസ്എഫ്...