[Photo Courtesy : X]
ന്യൂഡൽഹി : എത്യോപ്യയിലെ ഹായ്ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറിയെ തുടർന്നുള്ള ചാരത്തിൻ്റെ ശേഖരം തിങ്കളാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെത്തി. ചെങ്കടൽ കടന്ന് മണിക്കൂറിൽ ഏകദേശം 130 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലേക്ക് നീങ്ങുന്ന ചാരമേഘത്തെ ഫോർകാസ്റ്റർമാർ ഒരു ദിവസമായി നിരീക്ഷിച്ച് വരികയായിരുന്നു.
എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന്
ഇന്ത്യയിലെ വിവിധ വിമാന സർവ്വീസുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാദ്ധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകി. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവ്വീസുകൾ ഇന്നും തടസ്സപ്പെടാൻ സാദ്ധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവ്വീസുകൾ നിർത്തിവെച്ചിരുന്നു. രാത്രി 11.30 ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവ്വീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവ്വീസ് റദ്ദാക്കിയത് നിരവധി ഉംറ തീർത്ഥാടകരെ പ്രതിസന്ധിയിലാക്കി. അഗ്നിപർവ്വത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
മിഡിൽ ഈസ്റ്റിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എയർലൈനുകൾ മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. അറേബ്യൻ ഉപദ്വീപിലെ ചില ഭാഗങ്ങളിലെ അഗ്നിപർവ്വത ചാരം ഈ പ്രദേശങ്ങളിലൂടെ പറക്കുന്ന വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന് സ്പൈസ് ജെറ്റ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ ഓപ്പറേഷൻസ് ആൻഡ് സേഫ്റ്റി ടീമുകൾ ചാരത്തിൻ്റെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ വിമാനക്കമ്പനി ഉപദേശിച്ചു.
ഏകദേശം 10,000 വർഷമായി നിഷ്ക്രിയമായിരുന്ന ഈ അഗ്നിപർവ്വതം ഞായറാഴ്ചയാണ് ആദ്യമായി പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്ന് കട്ടിയുള്ള ചാരത്തിൻ്റെയും സൾഫർ ഡൈ ഓക്സൈഡിൻ്റെയും ഒരു സ്തംഭം ആകാശത്തേക്ക് ഉയർന്നു.
രാജസ്ഥാനിലെ പടിഞ്ഞാറൻ മേഖലയിലൂടെയാണ് ചാരം ആദ്യം ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. “ചാരമേഘം ഇപ്പോൾ ജോധ്പൂർ-ജയ്സാൽമേർ മേഖലയിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിച്ച് മണിക്കൂറിൽ 120-130 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്,” ഇന്ത്യ മെറ്റ് സ്കൈ വെതർ മുന്നറിയിപ്പിൽ പറയുന്നു. “ചാരം 25,000-നും 45,000-നും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽ ആശങ്കപ്പെടാൻ അധികമൊന്നുമില്ല.”
തിങ്കളാഴ്ച വൈകുന്നേരമായപ്പോഴേക്കും ചാര ശേഖരം രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ വ്യാപിച്ചു. ഇതിൻ്റെ ഒരു ഭാഗം ഗുജറാത്തിനെ സ്പർശിക്കാനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശിൻ്റെ താഴ്‌വരകൾ, ഹിമാചൽ പ്രദേശിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും രാത്രിയോടെ ഇതിൻ്റെ സ്വാധീനം കണ്ടേക്കാം എന്നും ഫോർകാസ്റ്റർമാർ മുന്നറിയിപ്പ് നൽകുന്നു.
ചാരത്തിൽ അധികവും ഉയർന്ന തലത്തിലായതിനാൽ താഴെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. എങ്കിലും ചാര കണികകളുടെ നേരിയ അവക്ഷിപ്തമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ചൊവ്വാഴ്ചത്തെ സൂര്യോദയം അസാധാരണമായ നിറങ്ങളിൽ കണ്ടേക്കാം എന്നും അവർ അറിയിച്ചു. വായുവിൻ്റെ ഗുണനിലവാരം പതിവുപോലെ മോശമായി തുടരുമെങ്കിലും, സൂര്യാസ്തമയ സമയത്ത് ചില കണികകൾക്ക് പ്രകാശമുണ്ടാകാമെന്നും പറയുന്നു.
