കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവെച്ചു. 2022 നവംബർ മുതൽ പശ്ചിമ ബംഗാളിൽ ഗവർണറായി സേവനമനുഷ്ഠിച്ചു വരുന്ന ആനന്ദ ബോസ് രാജി കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പശ്ചിമ ബംഗാള്‍ സർക്കാരുമായി വിവിധ വിഷയങ്ങളിൽ എതിർപ്പ് തുടരുന്നതിനിടെയാണ് രാജി എന്നത് ശ്രദ്ധേയം.
ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അതേസമയം, പശ്ചിമ ബംഗാൾ ഗവർണറായി ആർഎൻ രവിയെ നിയമിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഗവർണർ സിവി ആനന്ദ ബോസിന്റെ പെട്ടെന്നുള്ള രാജിവാർത്ത തന്നെ ഞെട്ടിച്ചെന്ന് മമത ബാനർജി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
“ഗവർണർ സിവി ആനന്ദ ബോസ് രാജിവെച്ചെന്ന വാർത്ത എന്നെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെ കാരണങ്ങൾ ഇപ്പോൾ എനിക്കറിയില്ല. എന്നിരുന്നാലും, നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്ന് ഗവർണർ ചില സമ്മർദ്ദങ്ങൾക്ക് വിധേയനായാൽ അതിൽ അതിശയോക്തിയില്ല.” – മമത പറഞ്ഞു.
“ആർഎൻ രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഞാനുമായി അദ്ദേഹം ഒരിക്കലും കൂടിയാലോചന നടത്തിയിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുർബ്ബലപ്പെടുത്തുകയും ഫെഡറൽ ഘടനയുടെ അടിത്തറയെത്തന്നെ തകർക്കുകയും ചെയ്യും. സഹകരണ തത്വങ്ങളെ കേന്ദ്രം മാനിക്കണം. ഫെഡറലിസം സംരക്ഷിക്കുക, ജനാധിപത്യ പാരമ്പര്യങ്ങളെയും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും ഇല്ലാതാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം” – മമത എക്സിൽ കുറിച്ചു.
കോട്ടയം മാന്നാനം സ്വദേശിയായ സിവി ആനന്ദ ബോസ് 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറി റാങ്കിലിരിക്കെയാണ് വിരമിച്ചത്. 2019ൽ ബിജെപിയിൽ ചേർന്നു. മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിക്കുന്നതിനിടെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കപ്പെട്ടു. ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദ ബോസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയർമാനായിരുന്നു
