പട്ന : ബീഡിയും ബീഹാറും ‘ബി’യിലാണ് തുടങ്ങുന്നതെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ ആർജെഡി അദ്ധ്യക്ഷൻ തേജസ്വി യാദവ്. ഇത് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു. വിവാദമായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയെങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഇന്ന് എക്സിൽ പോസ്റ്റ് ചെയ്തത്.
ജിഎസ്ടി പരിഷ്ക്കരണത്തിൽ ബീഡിക്കും, ബീഡിയുടെ ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹരിച്ചുകൊണ്ടാണ് ഇന്നലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിന്റെ ബീഹാർ വിരുദ്ധ മനസ്സ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ഇതിനെ ബിജെപി വിമർശിച്ചിരുന്നു. ‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല’ എന്ന പോസ്റ്റാണ് വിവാദമായത്. ബിഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും രംഗത്തെത്തിയിരുന്നു.