ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആർ) നടത്തുന്നത് സദുദ്ദേശ്യത്തോടെയല്ലെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ. ആഗസ്‌ത് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ സർവ്വത്ര പ്രശ്‌നമാണെന്നും ഒറ്റ വീട്ടിൽ 240 പേരെവരെ ചേർത്തിട്ടുണ്ടെന്നും പ്രധാന ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ (എഡിആർ) പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്ന് കേസ് കേട്ട ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവർ പറഞ്ഞു.
നോട്ടീസ് നൽകാതെ 65 ലക്ഷം പേരെ കരട് പട്ടികയിൽനിന്ന് നീക്കംചെയ്യാൻ കമ്മീഷന് അധികാരമില്ലെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം എസ്‌ഐആർ വ്യവസ്ഥ ചെയ്യുന്നില്ലെന്നും ചരിത്രത്തിലാദ്യമായി കമ്മീഷൻ സ്വന്തം ചട്ടങ്ങൾ ലംഘിക്കുകയാണെന്നും അഭിഷേക് മനു സിങ്‌വി വാദിച്ചു. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ ബിഹാറിലെ അഞ്ചുശതമാനം ജനങ്ങൾക്കുപോലുമില്ല. 60 ശതമാനം പേരും കൈവശംവയ്ക്കുന്ന ആധാർ അംഗീകരിക്കുന്നില്ലെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.