ബംഗളൂരു : കർണാടകയിലെ യെലഹങ്കയിൽ ബുൾഡോസർ രാജിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്. 5 വർഷം താമസ രേഖകൾ ഉള്ളവർക്ക് മാത്രമെ സർക്കാർ ഫ്ലാറ്റ് നൽകുകയുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനായി ആധാർ, വോട്ടർ ഐഡി, വൈദ്യുതി കണക്ഷൻ രേഖകൾ എന്നിവ പരിശോധിക്കും. 260 പേരാണ് ഫ്ലാറ്റിന് അവകാശമുന്നയിച്ചത്. എന്നാൽ സർക്കാർ കണക്കനുസരിച്ച് കോകിലയിൽ തകർത്തത് 167 ഫ്ലാറ്റുകളാണ്. അതേസമയം, ഫ്ലാറ്റിനായി സമർപ്പിച്ച അപേക്ഷകരിൽ അനർഹരും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് ഉയരുന്ന സംശയം. അതിനിടെ, പ്രതിഷേധവുമായി നേരത്ത കുടിയിറക്കിയവരും രംഗത്തെത്തി. കോകില മോഡൽ പുനരധിവാസം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ഡിസംബറിലാണ് കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയത്. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമി താമസക്കാർ കൈയേറിയതെന്നായിരുന്നു ജിബിഎ ഉദ്യോഗസ്ഥരുടെ ആരോപണം. പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കൽ യജ്ഞത്തിൽ 350 ലധികം കുടുംബങ്ങൾ ഭവനരഹിതരായി. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പോലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്.
