(Photo Courtesy : X)
കെൻ്റക്കി : യുഎസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണു. ഹോണോലുലുവിലേക്ക് പോകുകയായിരുന്ന മക്ഡൊണൽ ഡഗ്ലസ് എംഡി-11എഫ് വിമാനമായ യുപിഎസ് ഫ്ലൈറ്റ് 2976, പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നത്. ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെ പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് അപകടം. സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.
യുപിഎസ് കമ്പനിയുടെ കാർഗോ വിമാനമാണ് തകർന്നത്. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനത്തിൽ ഏകദേശം 280,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. യുപിഎസിന്റെ 1991ൽ നിർമ്മിച്ച മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകര്‍ന്നുവീണത്.
യുപിഎസിന്റെ ഏറ്റവും വലിയ പാക്കേജ് കൈകാര്യം ചെയ്യൽ സൗകര്യം ലൂയിസ്‌വില്ലിയിലാണുള്ളത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന ഈ ഹബ് വഴി പ്രതിദിനം 300 വിമാനങ്ങൾ കടന്നുപോകുന്നു. വിമാനം തകർന്നു വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
