തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സര്‍ക്കാർ അനുമതി നിഷേധിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. ഈ മാസം 16 മുതൽ നവംബർ 9 വരെ വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു മുഖ്യമന്ത്രി അനുമതി തേടിയത്.
ഈ മാസം 16ന് ബഹ്റൈനിൽ ആയിരുന്നു ആദ്യ പരിപാടി നിശ്ചയിച്ചിരുന്നത്. മലയാള ഭാഷയുടെ പ്രചാരണത്തിനായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാളോത്സവം ഉൾപ്പെടെ നിരവധി പ്രധാന പരിപാടികളാണ് നിശ്ചയിച്ചിരുന്നത്. പ്രവാസി മലയാളികളുമായി നേരിട്ടുള്ള സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. ശേഷം 17 മുതല്‍ 19 വരെ സൗദി അറേബ്യയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു പദ്ധതി. ദമാമിലും ജിദ്ദയിലും റിയാദിലും പരിപാടികൾ നിശ്ചയിച്ചിരുന്നു. ഒമാനിൽ 24, 25 തീയതികളിൽ മസ്ക്കറ്റിലും സലാലയിലുമായിരുന്നു പരിപാടികൾ. 30ന് ഖത്തറിലും നവംബർ 7ന് കുവൈറ്റിലും നവംബർ 9ന് അബുദാബിയിലും അവസാനിക്കുന്ന രീതിയിലായിരുന്നു പര്യടനം.
