തിരുവനന്തപുരം : സംസ്ഥാനത്തിൻ്റെ സുപ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി മോദിയേയും കാണും. മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വയനാടിന് കൂടുതൽ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് തുടങ്ങി അതിപ്രധാനമായ വിഷയങ്ങൾ ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും.
ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുന:ർ നിർമ്മാണത്തിന് ഒക്ടോബർ 1 ന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ നിന്നും അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോൾ അനുവദിച്ച തുക. ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് പ്രത്യേക ധനസഹായമായി തുക അനുവദിച്ചത്. നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വായ്പയായി 529.50 കോടി രൂപയും അനുവദിച്ചിരുന്നു. ജൂലൈയിൽ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് 153 കോടിയും അനുവദിച്ചു.
അതേസമയം, ഉത്തരാഖണ്ഡിന് 1658.17 കോടിയും, ഹിമാചൽ പ്രദേശിന് 2006.40 കോടിയും നേരത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 2022 ൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടിട്ടും വയനാട് ദുരന്ത ബാധിതരെ കേന്ദ്രം അവഗണിക്കുകയാണെന്ന വിമർശനം വ്യാപകമായി ഉയർന്നുനിൽക്കുയാണ്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയും വയനാടിന് നേരെയുള്ള കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
