[Photo Courtesy-X]
വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി റിപ്പോർട്ട്. ക്രൂഡ് ഓയിൽ കയറ്റാൻ എത്തിയ ടാങ്കറാണ് തിരിച്ച് പോയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നു. അമേരിക്കൻ ഉപരോധങ്ങളും വെനിസ്വേലയിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ടാങ്കറുകൾ യാത്ര പാതി വഴിയിൽ അവസാനിപ്പിച്ച് മടങ്ങിയത്.
അസാധാരണമായ ഈ വാർത്ത ആഗോള എണ്ണ വിപണിയിലും വെനസ്വേല–ചൈന ഊർജ്ജ കരാറുകളിലും ചർച്ചയാകുകയാണ്. വെനിസ്വേലയ്ക്കുമേലുള്ള യുഎസ് എണ്ണ ഉപരോധത്തിനും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിനെത്തുടർന്നുള്ള രാഷ്ട്രീയ പ്രക്ഷുബ്ധതയ്ക്കും ഇടയിലാണ് പുതിയ സംഭവം. നിർദ്ദേശങ്ങൾക്കായി കാത്ത് വമ്പൻ ക്രൂഡ് കാരിയറുകളായ സിങ്‌യെ, തൗസൻഡ് സണ്ണി എന്നിവ ആഴ്ചകളോളം അറ്റ്ലാന്റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരുന്നു.
കാരക്കാസിന്റെ ബീജിംഗിനുള്ള കടം തിരിച്ചടയ്ക്കുന്നതിനായി വെനിസ്വേലൻ ക്രൂഡ് ഓയിൽ ചൈനയിലേക്ക് കൊണ്ടുപോകുന്നതിനായി തയ്യാടറെടുത്തുവന്ന കപ്പലുകളാണ്കൃ ത്യനിർവ്വഹണംപൂർത്തീകരിയ്ക്കാനാവാതെ മടക്കയാത്ര ആരംഭിച്ചത്. കഴിഞ്ഞ വർഷം അവസാനം വെനിസ്വേലൻ സമുദ്രാതിർത്തിയിലേക്ക് പ്രവേശിക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എണ്ണ ടാങ്കറുകൾക്ക് വാഷിംഗ്ടൺ പൂർണ്ണമായ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് വെനിസ്വേലയുടെ ഊർജ്ജ കയറ്റുമതിയിൽ കനത്ത സമ്മർദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് ഈ സംഭവം.
യുഎസ് ഉപരോധങ്ങൾ ലംഘിച്ചുള്ള കയറ്റുമതിയ്ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ സതേൺ സ്പിയർ എന്ന കാമ്പെയ്‌നിന് കീഴിൽ യുഎസ് നാവിക, തീരസംരക്ഷണ സേന യൂണിറ്റുകളാണ് ഉപരോധം നടപ്പിലാക്കുന്നത്. റഷ്യൻ പതാകയിലുള്ള ഒരു വലിയ എണ്ണ ടാങ്കർ യുഎസ് സൈന്യം റെയ്ഡ് ചെയ്ത് പിടിച്ചെടുത്തിരുന്നു. ഇത് മുനിൽ കണ്ടാണ് ചൈനയുടെ യുടേൺ!
