ദോഡ : ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. കത്വ, കിഷ്ത്വാർ എന്നിവിടങ്ങളിലും സമാനമായ ദുരന്തങ്ങളുണ്ടായി. പെട്ടെന്നുള്ള കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പത്തിലധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
ജമ്മു മേഖലയിലെ കതുവ, സാംബ, ദോഡ, ജമ്മു, റംബാൻ, കിഷ്ത്വാർ ജില്ലകൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു ഡിവിഷനിലെ എല്ലാ സർക്കാർ,
സ്വകാര്യ സ്കൂളുകളും അടച്ചു.
മണ്ണിടിച്ചിലിനെയും മലവെള്ളപ്പാച്ചിലിനെയും തുടർന്ന് മുൻകരുതൽ നടപടിയായി ജമ്മു-ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു. പല നദികളിലും അരുവികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി ഒഴുകുന്നതിനാൽ പലയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ജമ്മു മേഖലയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിൽ സാദ്ധ്യതക്കും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച രാവിലെ 8:30 വരെ 24 മണിക്കൂറിനുള്ളിൽ കതുവ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 155.6 മില്ലിമീറ്റർ. ദോഡയിലെ ഭാദേർവയിൽ 99.8 മില്ലിമീറ്ററും ജമ്മുവിൽ 81.5 മില്ലിമീറ്ററും കത്രയിൽ 68.8 മില്ലിമീറ്ററും മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 27 വരെ മേഘസ്ഫോടനങ്ങൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തന, ദുരിതാശ്വാസ സംഘങ്ങൾ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാരാന്ത്യത്തിൽ ജമ്മുവിൽ റെക്കോർഡ് മഴ പെയ്തു, 24 മണിക്കൂറിനുള്ളിൽ 190.4 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. ഇത് ഒരു നൂറ്റാണ്ടിലെ ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ഉയർന്ന മഴയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന മഴ 228.6 മില്ലിമീറ്റർ ആണ്, 1926 ഓഗസ്റ്റ് 5 ന് ഇത് രേഖപ്പെടുത്തി, മുമ്പത്തെ രണ്ടാമത്തെ ഉയർന്ന മഴ 2022 ഓഗസ്റ്റ് 11 ന് 189.6 മില്ലിമീറ്ററായിരുന്നു.