കൊച്ചി : ദേശിയ പാതയിൽ ഗതാഗത കുരുക്ക് പൂർണ്ണമായും പരിഹരിച്ചിട്ടില്ലെന്ന തൃശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കാതെ ഹൈക്കോടതി. തുടർന്ന്
ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അമ്പലൂർ, മുരുങ്ങൂർ മേഖലകളിൽ ട്രാഫിക് ബ്ലോക്ക് ഇപ്പോഴുമുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. ഇപ്പോള്‍ ഏതെങ്കിലും ഇടങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടോയെന്ന് കളക്ടറോട് കോടതി ചോദിച്ചു. തുടര്‍ന്ന് ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാനും കോടതി നിര്‍ദ്ദേശം നൽകി.
ദേശീയപാതാ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ടോള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനം എടുക്കാനാവിവില്ലെന്നും അധികാരം ദേശീയപാതാ അതോറിറ്റിക്കാണെന്നും കേന്ദ്രം വ്യക്തമാക്കി. ടോൾ പിരിക്കാൻ അനുവദിക്കണമെന്നും ഗതാഗത പ്രശ്നം പരിഹരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവുവെന്ന സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതി ചൂണ്ടികാട്ടി.