തിരുവനന്തപുരം: കാസർഗോഡ് കരിയോയിൽ കമ്പനിയിൽ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ ഇടനിലക്കാരൻ വഴി കോഴ വാങ്ങിയെന്ന പരാതി പരിശോധിക്കുമെന്നും ആരോപണം ശരിയെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരാതി താൻ കണ്ടിട്ടില്ല. വകുപ്പിന് കിട്ടിയിട്ടുണ്ടാകാം. കിട്ടിയിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 3,4 തിയ്യതികളിൽ നടക്കും. ജിഎസ്ടി സ്ലാബ് മാറ്റത്തിൽ നിരവധി ആശങ്കകൾ ഉണ്ട്. ഇക്കാര്യങ്ങൾ കൗൺസിലിൽ ഉന്നയിക്കും. സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവ് ഉണ്ടാകും. ഇത് എങ്ങനെ നികത്തും എന്ന് ഗൗരവതരമായി കൗൺസിൽ ചർച്ച ചെയ്യണം. നികുതി കുറക്കുന്നത് കൊണ്ട് ഉപഭോക്താക്കൾക്ക് ഒരു ഗുണവും ലഭിക്കില്ല. നികുതി കുറക്കുമ്പോൾ ഉൽപ്പന്നത്തിൻ്റെ വില കമ്പനികൾ കൂട്ടും. നേരത്തെ നികുതി കുറച്ച ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇത് കണ്ടതാണ്. ഇതും കൗൺസിൽ ചർച്ച ചെയ്യണമെന്നും സംസ്ഥാനങ്ങളുടെ അവസ്ഥ വളരെ ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു