തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതി സമർപ്പിച്ച ശബ്ദരേഖയിലെ സംഭാഷണങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് തന്നെയെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ട്. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. പരിശോധനയ്ക്കായി രാഹുലിന്റെ ശബ്ദം ശേഖരിച്ചത് പബ്ലിക് ഡൊമൈനിൽ നിന്നാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദപരിശോധന നടന്നത്.
അതേസമയം, ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാഹുൽ ഒളിവിൽ പോയത് അതിവിദഗ്ധമായാണെന്നാണ് വിവരം. ഫ്ലാറ്റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ് എംഎൽഎ യാത്ര ചെയ്തിട്ടുള്ളത്. സ്പെഷ്യൽ ബ്രാഞ്ച് സിസിടിവി പരിശോധന നടത്തിയെങ്കിലും പോലീസിനെ കുഴക്കുന്ന രീതിയിൽ കാർ മാത്രം പല റൂട്ടുകളിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരാനാണ് പോലീസിന്‍റെ തീരുമാനം.
യുവതിയും രാഹുലും എത്തിയിട്ടുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമ്പോൾ അതിനെ ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം. യുവതിക്കെതിരെ രാഹുലും കോടതിയിൽ ചില തെളിവുകൾ കൈമാറിയിട്ടുണ്ട്.
അതേസമയം, അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. തിരുവനന്തപുരം എആർ ക്യാമ്പിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തിരുവനന്തപുരം സൈബർ പോലീസ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎൻഎസ് പ്രകാരം ജാമ്യമില്ലാ വകുപ്പ് കൂടി രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീക്കെതിരെ ലൈംഗികച്ചുവയോടും അധിക്ഷേപത്തോടെയുമുള്ള പരാമർശം നടത്തിയെന്നാണ് പുതുതായി ചുമത്തിയ കുറ്റം. രാത്രി തന്നെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം രാഹുലിനെ സൈബർ പോലീസ് സ്റ്റേഷനിൽ താമസിപ്പിക്കുകയായിരുന്നു.
