തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണ സംഘത്തിന് എം ആർ അജിത് കുമാർ നൽകിയ മൊഴിപ്പകർപ്പ് പുറത്ത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചനയെന്ന് അജിത് കുമാർ. വ്യാജരേഖകള്‍ ചമച്ചത് പോലീസില്‍ നിന്നെന്നും മൊഴി. അക്കാര്യത്തിൽ അന്വേഷണം വേണം. ഭാര്യാപിതാവ് നൽകിയ ഭൂമിയിലാണ് കവടിയാറിൽ വീടുവെക്കാൻ തുടങ്ങിയത്. അതിൽ ഒരു തരത്തിലുള്ള അനധികൃത സമ്പാദനവും ഇല്ലെന്ന് അജിത്കുമാർ മൊഴിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതനുസരിച്ച് താൻ നേരിട്ട് പി വി അൻവറിനെ ചെന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കുന്നു. ഇതുപ്രകാരം ബാല്യകാല സുഹൃത്തിനൊപ്പമാണ് പി വി അൻവറിന്റെ പട്ടത്തുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി നേരിട്ടുകണ്ടതെന്ന് അജിത് കുമാർ പറയുന്നു.
പിവി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് അജിത് കുമാറിൻ്റെ മൊഴി. പി വി അൻവറിന്റെ ഗൂഢ താത്പര്യങ്ങൾക്ക് വഴങ്ങാത്തതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് അൻവർ തുടക്കമിട്ടത്. അൻവറിന്റെ നിയമപരമല്ലാത്ത നടപടികൾക്ക് തടസം വരാതിരിക്കാൻ ക്രമസമാധാന ചുമതലയിൽ നിന്നും തന്നെ മാറ്റാൻ അദ്ദേഹവും ദേശദ്രോഹവിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളും ഗ്രൂപ്പുകളും പോലീസ് വകുപ്പിനുള്ളിലെ തന്നോട് വിരോധമുള്ള ഉദ്യോഗസ്ഥരും ചില സംഘടനാ നേതാക്കളും കൂടി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നുമാണ് മൊഴിയിൽ അജിത് കുമാർ വ്യക്തമാക്കുന്നത്.
ഫ്ലാറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഫ്ലാറ്റ് വാങ്ങിയപ്പോഴും വിൽപ്പന നടത്തിയപ്പോഴും വിശദാംശങ്ങൾ സർക്കാരിൽ അറിയിച്ചിരുന്നുവെന്നാണ് അജിത് കുമാർ പറയുന്നത്. പി വി അൻവറുമായി അനുനയചർച്ച നത്തിയിരുന്നുവെന്ന് അജിത് കുമാർ മൊഴിയിൽ വ്യക്തമാക്കി. അൻവറിനെ നേരിട്ട് കണ്ട് സംശയങ്ങൾ തീർക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എം ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ റ നടപടി കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. അന്വേഷണം തുടരണമെന്നും കോടതി നിർദ്ദേശിച്ചു. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും