പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് എ. പത്മകുമാറിനോട് വിശദീകരണം ചോദിച്ച് സിപിഎം. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നോട്ടീസ് നൽകിയതെന്നറിയുന്നു. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു.
105 ദിവസത്തിന് ശേഷം രണ്ടു കേസുകളിൽ ജാമ്യം ലഭിച്ച് ഈയ്യിടെയാണ് പത്മകുമാർ ജയിൽ മോചിതനായത്. വാതിൽപാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും പ്രതിയാണ് പത്മകുമാർ. 90 ദിവസത്തിനകം രണ്ടു കേസിലും കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തിനാലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. സ്വർണ്ണപാളികള്‍ ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും സ്വർണ്ണക്കവർച്ചക്ക് അവസരമൊരുക്കി പത്മകുമാർ എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
