ന്യൂഡൽഹി : 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ ആരംഭിച്ചു. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി സീതാരാമൻ അദ്ധ്യക്ഷത വഹിക്കുന്ന കൗൺസിലിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ചൗധരി, ഡൽഹി, ഗോവ, ഹരിയാന, ജമ്മു കശ്മീർ, മേഘാലയ, ഒഡീഷ മുഖ്യമന്ത്രിമാർ, അരുണാചൽ പ്രദേശ്, ബിഹാർ, മധ്യപ്രദേശ്, തെലങ്കാന ഉപമുഖ്യമന്ത്രിമാർ, മണിപ്പൂർ ഗവർണർ, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ധനമന്ത്രിമാർ, റവന്യൂ വകുപ്പ് സെക്രട്ടറി, ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
യോഗം ആരംഭിക്കുന്നതിന് മുമ്പ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ്ടി പരിഷ്ക്കാരങ്ങളെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തുറക്കുകയും സുതാര്യത കൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് പറഞ്ഞു, ഇത് ചെറുകിട വ്യവസായങ്ങളെ വളരെയധികം സഹായിക്കുമെന്നും പറയുന്നു.
രണ്ട് ദിവസത്തെ യോഗത്തിൽ, ജിഎസ്ടിക്ക് കീഴിലുള്ള നാല് നികുതി സ്ലാബുകൾ (5%, 12%, 18%, 28%) രണ്ടായി കുറച്ച് 5%, 18% ജിഎസ്ടി സ്ലാബുകൾ മാത്രമായി നിലനിർത്താനാണ് നീക്കം. ജിഎസ്ടി പരിഷ്ക്കരണത്തിലൂടെ സർക്കാരിന്റെ ലക്ഷ്യം നികുതി ഘടന ലളിതമാക്കുകയും ഉപഭോക്താക്കൾക്ക് നേരിട്ടുള്ള നേട്ടം നൽകുകയും ചെയ്യുക എന്നതാണ്. പുതിയ മാറ്റങ്ങൾക്ക് ശേഷം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, പാൽ-ചീസ്, ബിസ്ക്കറ്റ്, ഹെയർ ഓയിൽ, സോപ്പ്, ടൂത്ത് പേസ്റ്റ് മുതൽ ടിവി-എസി, കാർ-ബൈക്ക് വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞേക്കും.
ജിഎസ്ടി നിരക്കുകളിലെ ഈ മാറ്റങ്ങൾ ഏകദേശം 40,000 കോടി രൂപയുടെ വരുമാനനഷ്ടം വരുത്തിവെയ്ക്കുമെന്ന് കണക്കുകൂട്ടുന്നെങ്കിലും, പുതിയ പരിഷ്ക്കാരങ്ങൾ രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
