ന്യൂഡൽഹി : ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. കലാപത്തിന് ഇരുവരും നടത്തിയ ക്രിമിനൽ ഗൂഢാലോചനയ്ക്ക് ശക്തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്ക് എതിരെ പ്രവർത്തിക്കുന്നത് ഭീകരവാദം ആണെന്നും ജാമ്യം നിഷേധിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഉമർ ഖാലിദിനും, ഷർജീൽ ഇമാമാമിനും ഒരു വർഷത്തിന് ശേഷം ജാമ്യത്തിനായി കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി അറിയിച്ചു.
അതേസമയം, കേസിലെ മറ്റ് അഞ്ച് പ്രതികൾക്ക് സുപ്രീം കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷഹാദ് അഹമ്മദ് എന്നിവർക്ക് കർശന വ്യവസ്ഥകളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 12 വ്യസ്ഥകളോടെ ആണ് ജാമ്യം. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
ഗൂഢാലോചന കേസിലെ പ്രതികൾക്ക് ഇളവ് നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ സെപ്റ്റംബർ 2 ലെ വിധിയെ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച പ്രത്യേക ഹർജികളിൽ ഡിസംബർ 10 ന് സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചു. ഡൽഹി പോലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ഹാജരായി. പ്രതികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവർ ഹാജരായി.
