(Photo courtesy : Redline report/X)
വാഷിംങ്ടൺ: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് അവകാശപ്പെട്ട് വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നൊബേൽ സമ്മാനത്തിന് അർഹനാണെന്നാണ് ട്രംപിൻ്റെ അവകാശവാദം. ഇക്കൂട്ടത്തിൽ ഇന്ത്യ – പാക് സംഘർഷവും ഉൾപ്പെടുന്നതായി ട്രംപ് വീണ്ടും അവകാശപ്പെടുന്നുണ്ട്. ശനിയാഴ്ച അമേരിക്കൻ കോർണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ട്രംപ് നോബേൽ സമ്മാന ആവശ്യം ഉന്നയിച്ചത്.
ഇന്ത്യ നിരന്തരം നിഷേധിക്കപ്പെടുമ്പോഴും ഇന്ത്യ – പാക് സംഘർഷം താനാണ് പരിഹരിച്ചെന്ന് ട്രംപ് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ തടഞ്ഞത് വ്യാപാരത്തിലൂടെ ആണെന്നാണ് ട്രംപിൻ്റെ വെളിപ്പെടുത്തൽ. പല യുദ്ധങ്ങളും താൻ ഇല്ലാതാക്കി എന്നും ട്രംപ് അവകാശപ്പെടുന്നു.
തായ്‍ലൻഡും കംബോഡിയയും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് പറഞ്ഞു. അർമേനിയ, അസർബൈജാൻ, കൊസോവോ, സെർബിയ, ഇസ്രായേൽ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലെ യുദ്ധങ്ങളും താനാണ് തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ 60 ശതമാനവും വ്യാപാര കരാറിനെ മുൻനിർത്തിയാണ് അവസാനാപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയോട് നിങ്ങൾ യുദ്ധം ചെയ്താൽ വ്യാപാരം ചെയ്യില്ല എന്ന് താൻ പറഞ്ഞെന്നും അവർ അത് അനുസരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
യുദ്ധങ്ങൾ അവസാനിപ്പിക്കാൻ വ്യാപാര കരാറിനെ നയതന്ത്ര ഉപകരണമായി ഉപയോഗിച്ചു. തനിക്ക് ഇതിനുള്ള അംഗീകാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം താൻ ഇടപെട്ട് നിർത്തിച്ചാൽ നോബേൽ സമ്മാനം ലഭിക്കുമെന്ന് പലരും പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.