ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലായ ചിത്രദുർഗ എംഎൽഎ കെ സി വീരേന്ദ്ര പപ്പിയുടെ വീട്ടിൽ നിന്ന് വീണ്ടും സ്വർണം പിടിച്ചെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). 21.5 കിലോ സ്വർണവും 10 കിലോ തൂക്കം വരുന്ന സ്വർണം പൂശിയ വെള്ളിക്കട്ടകളുമാണ് ഇഡി ഇപ്പോൾ പിടിച്ചെടുത്തത്. ഈ സ്വർണത്തിന്റെയും വെള്ളിയുടെയും മതിപ്പുവില 24 കോടി വരുമെന്നാണ് പറയുന്നത്. ഇതനുസരിച്ച് എംഎൽഎയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 100 കോടി രൂപയാവും. ഇ ഡി ചെല്ലക്കരയിൽ റെയ്ഡ് നടത്തിയത് സെപ്റ്റംബർ ആറിനാണ്.
കെ സി വീരേന്ദ്ര പപ്പി ഫെമ ചട്ടം ലംഘിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. എംഎൽഎ വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് നേരത്തെ തന്നെ ഇഡി കണ്ടെത്തിയിരുന്നു. ഇയാൾക്ക് ഗോവയിലും സിക്കിമിലും ചൂതാട്ട കേന്ദ്രങ്ങളുണ്ടെന്നും അനധികൃത ബെറ്റിങ് ആപ്പുകൾ നിയന്ത്രിച്ചിരുന്നത് ദുബൈയിൽ നിന്നാണെന്നും ഇഡി പറയുന്നു. കിങ്567, രാജ567 എന്നീ പേരുകളിലുള്ള വെബ്സൈറ്റുകളാണ് ഇവയിൽ ഏറ്റവും പ്രചാരം നേടിയത്. ദുബൈയിൽ ഐടി കമ്പനികളെന്ന വ്യാജേന കോൾ സെന്ററുകൾ പ്രവർത്തിപ്പിച്ചു. അന്താരാഷ്ട്ര ചൂതാട്ട കേന്ദ്രങ്ങളുമായും പപ്പിക്ക് ബന്ധമുണ്ടെന്ന് ഇ ഡി ആരോപിക്കുന്നു.
സിക്കിമിൽ നിന്നാണ് വീരേന്ദ്ര പപ്പിയെ ഇഡി അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ 30-ഓളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നായിരുന്നു അറസ്റ്റ്. അന്ന് റെയ്ഡിൽ വിദേശ കറൻസി ഉൾപ്പെടെ ഏകദേശം 12 കോടി രൂപയും ആറ് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 10 കിലോ വെള്ളിയും പിടിച്ചെടുത്തു. കൂടാതെ 17 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്വത്ത് സംബന്ധിച്ച രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
