‘അധികാരപരിധി കടക്കുന്നു’ – റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദ്ദേശം തള്ളിയ പി.എസ്.സി.ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

Date:

ന്യൂഡൽഹി : റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദേശം തള്ളിയ പി.എസ്.സിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.  സംസ്ഥാനസർക്കാരിന്റെ നിർ​ദ്ദേശം തള്ളാൻ പി.എസ്.സി.ക്ക് അധികാരമില്ലെന്നും നിരാകരിക്കുന്നത് അധികാരപരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പി.എസ്.സി.യുടെ സ്വയംഭരണ അധികാരം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമാണ്. ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം തൊഴിൽദാതാവായ സംസ്ഥാന സർക്കാരിന്റേതാണെന്നും സുപ്രീംകോടതി ഉത്തരവ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപ്പൽ കോമൺ സർവ്വീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം പി.എസ്.സി തള്ളിയിരുന്നു. ഇതിനെതിരായ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീംകോടതി വിമർശനം. ഒഴിവുകൾ വിജ്ഞാപനം ചെയ്യുന്നതും, ജോലിയുടെ ഭരണപരമായ ആവശ്യത്തിന് അനുസരിച്ച് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും സർക്കാരിന്റെ അധികാരമാണ്. സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡത്തിന് അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തി റാങ്ക് പട്ടിക തയ്യാറാക്കൽ മാത്രമാണ് പി.എസ്.സിയുടെ ചുമതലയെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തൊഴിൽദാതാവ് എന്ന നിലയിൽ എത്ര ജീവനക്കാരെയാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അധികാരത്തിലേക്ക് പി.എസ്.സി. കടന്ന് കയറുന്നത് ശരിയല്ല. കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടെന്ന് മനസിലാക്കി റാങ്ക് പട്ടിക വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് അംഗീകരിക്കാൻ പി.എസ്.സിക്ക് ബാദ്ധ്യതയുണ്ട്. ആ നിർദ്ദേശം നിരാകരിക്കുന്നത് അധികാര പരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി ഉത്തരവിൽ വിശദീകരിക്കുന്നു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 നിയമനത്തിന് 2014 പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയ അനന്തമായി നീണ്ടുപോയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റ് 2020 ൽ പ്രസിദ്ധീകരിക്കുമ്പോഴേക്കും ഒരുപാട് പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ സർക്കാരിന് റാങ്ക് പട്ടിക വിപുലീകരിക്കമെന്ന് നിർദേശം നൽകാൻ അധികാരമുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും സുപ്രീംകോടതി വ്യകത്മാക്കിയിട്ടുണ്ട്. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ ഹാരിസ് ബീരാൻ, അസർ അസീസ്, ആനന്ദ് ബി മേനോൻ എന്നിവരാണ് ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...

മെഡിക്കൽ എമർജൻസി:  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി സൗദിയ എയർലൈൻസ് വിമാനം

തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി...