തൃശൂർ : കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി. കലാമണ്ഡലം അദ്ധ്യാപകനായ ദേശമംഗലം സ്വദേശി കനകകുമാറിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. കലാമണ്ഡലം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തത്.
കേരള കലാമണ്ഡലത്തിലെ ആറ് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകനായ കനകകുമാറിനെതിരെ പരാതി നൽകിയത്. ഇയാൾ സ്ഥിരമായി ക്ലാസിൽ മദ്യപിച്ചെത്തുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്യുന്നു എന്നാണ് സർവ്വകലാശാല അധികൃതർക്ക് നൽകിയ പരാതിയിൽ വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. വിദ്യാർത്ഥിനികളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നും കുട്ടികൾ പരാതി പറയുന്നു. വിദ്യാർത്ഥിനികൾ നൽകിയ പരാതി സർവ്വകലാശാല അധികൃതർ ചെറുതുരുത്തി പോലീസിന് കൈമാറി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കനകകുമാറിനെതിരെ പേക്സോവകുപ്പ് പ്രകാരം കേസെടുത്തു. വൈസ് ചാൻസലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇയാൾ പലപ്പോഴും വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം. അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ നീങ്ങിയേക്കും. കലാമണ്ഡലത്തിൽ ഗ്രേഡ് എ വിഭാഗം അധ്യാപകനായ കനകകുമാർ, കൂടുതൽ പേരെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ കനകകുമാറിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു.
