തിരുവനന്തപുരം : ജിഎസ്ടി പരിഷ്ക്കരണം വേണ്ടത്ര സാങ്കേതിക പഠനമില്ലാതെയാണ് നടപ്പാക്കിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട് നിരോധനത്തിന്റെ സമയത്തെ പോലുള്ള അനൗൺസ്‌മെന്റാണ് വന്നത്. കേന്ദ്ര സർക്കാർ ഒരു കാര്യവും പഠിച്ചിട്ടില്ല. നികുതി ഇളവ് കുറയുന്നത് നല്ല കാര്യമാണ്. എന്നാൽ ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാറില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. എല്ലാ സർക്കാരുകൾക്കും നഷ്ടമുണ്ട്. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ നിന്നാണ് എല്ലാം നടക്കേണ്ടത്. ദൈനംദിന ചെലവിനെ ബാധിക്കും. കേന്ദ്രം നഷ്ടപരിഹാരം നൽകണം. ഇത് തന്നെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് ബുദ്ധമുട്ടുണ്ടാകുമെന്ന് ധനനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ. ലോട്ടറിയുടെ കാര്യത്തിൽ ഓണം ബമ്പറിന്റെ വിൽപന നടക്കുക പഴയ നികുതിയിൽ തന്നെയായിരിക്കും. എന്നാൽ ഇന്ന് മുതൽ മറ്റ് ലോട്ടറികൾക്ക് പുതിയ സമ്മാന ഘടനയും പുതിയ നികുതിയും ആയിരിക്കും. വില വർദ്ധിപ്പിക്കുന്നത് എളുപ്പമായിരിക്കില്ല. നിലവിലെ വിലയിൽ തന്നെ നികുതി ഉൾപ്പെടുത്താനാണ് തീരുമാനം. ഇന്ന് മുതൽ ഇത് നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
“പുതുക്കിയ ജി എസ് ടി നിരക്കിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ ഒരു വർഷം 8,000 കോടി രൂപയിലധികം നഷ്ടം കണക്കാക്കുന്നു. ഈ വർഷം മാത്രം ഇനി 4000 കോടി രൂപയുടെ നഷ്ടമുണ്ടാകാം.” – ധനമന്ത്രി വ്യക്തമാക്കി. വില കുറയുന്നതിനോട് സർക്കാരും അനുകൂലമാണ്. എന്നാൽ വരുമാന നഷ്ടം ഉണ്ടാകുന്നതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തോട് പരിഹാരം ആവശ്യപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മുൻപ് ജിഎസ്ടി കുറച്ചപ്പോൾ അതിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കണം. അതിനുള്ള ഇടപെടൽ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ നഷ്ടം 28 ശതമാനം ജി എസ് ടി ഈടാക്കിയിരുന്ന സ്ലാബിലാണ്. 3966 കോടി രൂപ. 18 ശതമാനം സ്ലാബിൽ 1951 കോടി രൂപയും, 12 ശതമാനത്തിൽ 1903 കോടി രൂപയും, 5 ശതമാനത്തിൽ 18 കോടി രൂപയും നഷ്ടം പ്രതീക്ഷിക്കുന്നു