ഷിംല: ഹനുമാന്‍ ആണ് ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തതെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചല്‍ പ്രദേശില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് വിദ്യാര്‍ത്ഥികളോടായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം.
വിദ്യാർത്ഥികളുമായുള്ള ഈ സംവാദത്തിന്റെ വീഡിയോ ‘പവന്‍സുത് ഹനുമാന്‍ ജി… ആദ്യത്തെ ബഹിരാകാശ സഞ്ചാരി’ എന്ന അടിക്കുറിപ്പോടെ ഠാക്കൂര്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ അനുരാഗ് ഠാക്കൂര്‍, ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നുവെന്ന് വിദ്യാർത്ഥികളോട് ചോദിക്കുന്നുണ്ട്. അതിന് കുട്ടികളുടെ മറുപടി വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാനാകുന്നില്ല. തുടര്‍ന്ന്, ”അത് ഹനുമാന്‍ ആണെന്ന് ഞാന്‍ കരുതുന്നു.” എന്ന് അനുരാഗ് ഠാക്കൂര്‍ തന്നെ മറുപടി നൽകുകയാണ്.
“നമ്മള്‍ ഇപ്പോഴും നമ്മളെ കാണുന്നത് വര്‍ത്തമാനകാലത്തിലാണ്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെയും, വിജ്ഞാനത്തെയും, സംസ്‌ക്കാരത്തെയും അറിയാത്തിടത്തോളം കാലം, ബ്രിട്ടീഷുകാര്‍ നമ്മളെ കാണിച്ചുതന്ന അതേ അവസ്ഥയില്‍ നമ്മള്‍ തുടരും. അതുകൊണ്ട്, പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം ചിന്തിക്കാനും നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യങ്ങളെയും അറിവിനെയും നോക്കിക്കാണാനും ഞാന്‍ പ്രിന്‍സിപ്പലിനോടും നിങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ബഹിരാകാശ സാങ്കേതികവിദ്യയിലും പര്യവേഷണത്തിലും ഇന്ത്യ ആഗോളതലത്തിൽ തന്നെ പുതിയ നാഴികകല്ലുകൾ താണ്ടി മുന്നേറുന്ന അവസരത്തിലാണ് മുൻ കേന്ദ്രമന്ത്രിയുടെ പുതുതലമുറയോടുള്ള ഇത്തരം പരാമർശം എന്നത് ശ്രദ്ധേയം