ദുബൈ : ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ് സാദ ഫർഹാനുമെതിരെ ഐസിസി നടപടി. ബിസിസിഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി. എന്നാൽ, സാഹിബ് സാദ ഫർഹാൻ പിഴയിൽ നിന്ന് രക്ഷപ്പെട്ടു. ശാസന മാത്രമാണ് ലഭിച്ചത്.
വെള്ളിയാഴ്ച (സെപ്റ്റംബർ 26) ഉച്ചകഴിഞ്ഞാണ് ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സൺ വാദം പൂർത്തിയാക്കിയത്. ഹാരിസ് റൗഫും സാഹിബ്‌സാദ ഫർഹാനും നേരിട്ട് ഹാജരായിരുന്നു. പാക്കിസ്ഥാൻ ടീം മാനേജർ നവീദ് അക്രം ചീമയും കളിക്കാർക്കൊപ്പം സന്നിഹിതനായിരുന്നു. വാദം കേൾക്കുന്നതിനിടെ, ഹാരിസ് റൗഫും സാഹിബ്‌സാദ ഫർഹാനും കുറ്റം സമ്മതിച്ചില്ല. തന്റെ “6-0” എന്ന ആംഗ്യത്തിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ ബൗളർ പറഞ്ഞു. അതേസമയം, തോക്ക് ആഘോഷത്തിന് രാഷ്ട്രീയ പ്രേരണയില്ലെന്ന് സാഹിബ്‌സാദ ഫർഹാൻ പറഞ്ഞു, ഒരു രാഷ്ട്രീയ സന്ദേശം നൽകാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞു. ആഘോഷങ്ങൾക്കിടെ സമാനമായ തോക്ക് ആംഗ്യങ്ങൾക്ക് ഉദാഹരണങ്ങളായി മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ എംഎസ് ധോണിയെയും വിരാട് കോഹ്‌ലിയെയും താരം ഉദ്ധരിച്ചു
ഇന്ത്യൻ സൈനിക നടപടിയെ പരിഹസിക്കാൻ വിമാനം തകരുന്നതിനെ ചിത്രീകരിക്കുന്ന ആംഗ്യങ്ങളാണ് ഹാരിസ് റൗഫ് കാണിച്ചത്. 2022-ലെ ട്വിൻ്റി20 ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലി റൗഫിൻ്റെ പന്തുകളെ സിക്സറുകൾ പായിപ്പിച്ചതിനെ സൂചിപ്പിച്ചുകൊണ്ട്, സെപ്റ്റംബർ 21- ലെ മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ ‘കോഹ്ലി, കോഹ്ലി’ എന്ന് വിളിച്ചാസ്വദിച്ചപ്പോഴാണ് റൗഫിൻ്റെ വിവാദപരമായ ആംഗ്യം.
കൂടാതെ, ബൗളിംഗ് സ്പെല്ലിനിടെ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും അഭിഷേക് ശർമ്മയെയും റൗഫ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതേ മത്സരത്തിൽ തന്നെയാണ് സാഹിബ് സാദ ഫർഹാൻ ബാറ്റ് മെഷീൻ ഗൺ പോലെ ഉപയോഗിച്ച് വെടിയുതിർക്കുന്ന ആംഗ്യം കാണിച്ചത്. ഇന്ത്യക്കെതിരെ സൂപ്പർ 4 ൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയപ്പോഴായിരുന്നു ഇത്. ബുധനാഴ്ചയാണ് ബിസിസിഐ ഇരുവർക്കുമെതിരെ ഐസിസിക്ക് പരാതി നൽകിയത്.