തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി അധികൃതർ. സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും പിഴ ചുമത്താനും ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമ്മിഷണര്‍ സിഎച്ച് നാഗരാജു നിർദ്ദേശം നൽകി. എംവി നിയമം 184 പ്രകാരം 2000 രൂപയാണ് പിഴയായി ചുമത്തുക.
സീബ്രാ ക്രോസിങ് ഉപയോഗിക്കുന്ന യാത്രക്കാരെ അപകടത്തിലാക്കുന്ന സംഭവങ്ങൾ തുടരുന്നതിനിടെയാണ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള ശക്തമായ നടപടികളുമായി ഗതാഗത കമ്മിഷണര്‍ രംഗത്തുവന്നത്. സീബ്രാ ക്രോസിങ്ങിലും ഫുട്‍പാത്തിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും സമാനമായ നടപടിയുണ്ടാകും.
സീബ്രാ ക്രോസിങ് ഉപയോഗിക്കുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. സീബ്രാ ക്രോസിങ് നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സീബ്രാ ക്രോസിങ് ഉപയോഗിക്കുന്ന യാത്രക്കാരെ അപകടത്തിലാക്കുന്ന തരത്തിൽ വാഹനങ്ങൾ ഓടിക്കുകയും സീബ്രാ ക്രോസിങ് ലൈനോട് ചേർന്ന് വാഹനം നിർത്തുകയും ചെയ്യുന്നത് പതിവാണ്. സീബ്രാ ക്രോസിങ് ഉപയോഗിക്കാൻ ആളുകൾ തയ്യാറെടുക്കുന്ന ഘട്ടത്തിൽ വാഹനങ്ങളുടെ വേഗത കൂട്ടുന്ന പ്രവണതയുമുണ്ട്. ഇതോടെ പലരും ആശയക്കുഴപ്പത്തിലാകുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്.
നിയമപ്രകാരം സീബ്രാ ക്രോസിങ്ങിന്റെ ഒരു ഭാഗത്ത് റോഡ് മറികടക്കാന്‍ ആളുകള്‍ നില്‍ക്കുന്നതു കണ്ടാല്‍ സ്പീഡ് കുറച്ച് കുറഞ്ഞത് മൂന്നു മീറ്റര്‍ അകലെയെങ്കിലും വാഹനം നിര്‍ത്തണം. എന്നാൽ ഈ നിയമം പാലിക്കാൻ തയ്യാറാകുന്നില്ല. ഈ വര്‍ഷം മാത്രം ഇതുവരെ 800 കാല്‍നട യാത്രക്കാരാണ് അപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതില്‍ പകുതിയും മുതിര്‍ന്ന പൗരന്മാരാണ്.
..
