ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും. കോവിഡ്, അതിർത്തി സംഘർഷങ്ങൾ എന്നിവ കാരണം 2020 മുതൽ നിർത്തിവച്ച വിമാന സർവ്വീസുകളാണ് വീണ്ടും ആരംഭിക്കാനൊരുങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ നീക്കം.
എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ സർവ്വീസ് നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ചൈന സതേൺ, ഈസ്റ്റേൺ എയർലൈനുകളും പുനഃസ്ഥാപിക്കേണ്ട പട്ടികയിലുണ്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവടങ്ങളിൽ നിന്ന് ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്‌ഷോ എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തിയായിരിക്കും ആദ്യ സർവ്വീസുകൾ ആരംഭിക്കാൻ സാദ്ധ്യത.
2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മോശമായ സൈനിക ഏറ്റുമുട്ടൽ ബന്ധങ്ങളിൽ വലിയ വിടവുകളാണുണ്ടാക്കിയത്. സംഘർഷം നിലനിൽക്കെ,
ഇരു രാജ്യങ്ങളും നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും ചൈനീസ് ഉല്പന്നങ്ങൾക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡ് സമയത്താണ് നേരിട്ടുള്ള വിമാന സർവ്വീസുകൾ നിർത്തിവയ്ക്കലുണ്ടായത്. പിന്നീട് ഈ അടുത്ത കാലത്താണ് സംഘർഷം ലഘൂകരിക്കുന്നതിന് ഇരുപക്ഷവും മുൻകൈയ്യെടുക്കുകയും ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തത്. ഫലം, സംഘർഷങ്ങളുടെ മഞ്ഞുരുകി ബന്ധങ്ങളിൽ വീണ്ടും ഇഴയടുപ്പം വന്നു. നിയന്ത്രണ രേഖയിൽ നിന്ന് ഇരുപക്ഷവും സൈന്യക വിന്യാസം ലഘൂകരിച്ചു.
2019 ന് ശേഷം വീണ്ടും ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി ടിയാൻജിൻ സന്ദർശിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ ചൈന സ്വാഗതം ചെയ്തു. ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കും ഈ കൂടിക്കാഴ്ചയെന്ന് ചൈന പ്രത്യാശ പ്രകടിപ്പിച്ചു.
