[Photo courtesy : ANI Digital/X]
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവെയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
“മോദിക്കും തനിക്കുമിടയിൽ മികച്ച ബന്ധമാണുള്ളത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അദ്ദേഹം റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഉറപ്പുനൽകി. ഇതൊരു വലിയ കാര്യമാണ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്‌പ്പായിരിക്കും ഇത്. ഇനി ചൈനയും ഇതേ നിലപാട് സ്വീകരിക്കണം” – എന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്.
ഓവൽ ഓഫീസിൽ വെച്ച് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കാൻ മോദി സമ്മതിച്ചതെന്ന പ്രസ്താവന ട്രംപ് നടത്തിയത്. വിഷയത്തിൽ വാഷിങ്‌ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്‌തു.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ മുൻകാല എണ്ണ ഇറക്കുമതിയേയും അമേരിക്കൻ പ്രസിഡന്റ് വിമർശിച്ചു. “ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഞങ്ങൾ സന്തോഷവാനായിരുന്നില്ല. കാരണം ഈ ഇടപാട് റഷ്യയെ യുക്രൈൻ യുദ്ധം തുടരാൻ അനുവദിക്കും. ഈ യുദ്ധത്തിൽ ഒന്നര ലക്ഷം പേർ മരിച്ചുവെന്ന് അറിയാമോ? റഷ്യക്ക് ഒന്നരലക്ഷം സൈനികരെ നഷ്ടപ്പെട്ടു. യുക്രൈൻ – റഷ്യ യുദ്ധം അനാവശ്യമാണ്. ഈ യുദ്ധം ഒരിക്കലും തുടങ്ങാൻ പാടില്ലായിരുന്നു. പക്ഷെ റഷ്യ ആദ്യത്തെ ആഴ്ച തന്നെ യുദ്ധം ജയിക്കേണ്ടതായിരുന്നു. ഇപ്പോൾ നാലാം വർഷത്തിലേക്ക് കടക്കുന്നു. ഈ സംഘർഷം അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല” – ട്രംപ് വ്യക്തമാക്കി.
“പ്രധാനമന്ത്രി മോദിയും യുഎസ് അംബാസഡർ സ്ഥാനാർത്ഥി സെർജിയോ ഗോറും തമ്മിൽ നടന്ന കൂടിക്കാഴ്ച മികച്ചതായിരുന്നു. മോദി ഒരു മികച്ച മനുഷ്യനാണ് സെർജിയോ ഗോർ എന്നോട് പറഞ്ഞു. ഞാൻ വർഷങ്ങളായി ഇന്ത്യയെ നിരീക്ഷിക്കുന്നു. ഇതൊരു അവിശ്വസനീയമായ രാജ്യമാണ്. ഓരോ വർഷവും പുതിയ നേതാക്കൾ വരും. ചിലർ കുറച്ച് മാസങ്ങൾ മാത്രമേ അധികാരത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ എന്റെ സുഹൃത്ത് ഇപ്പോൾ വളരെക്കാലമായി അവിടെയുണ്ട് ” ട്രംപ് പറഞ്ഞു.