രാജ്ഗിര്‍ : എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്ക് മുൻപിൽ ദക്ഷിണ കൊറിയയെ തകർന്നടിഞ്ഞു. ജയത്തോടെ ഇന്ത്യ ലോകകപ്പ് യോഗ്യത നേടി. ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്. 2017-ൽ ധാക്കയിൽ നടന്ന ഫൈനലിൽ മലേഷ്യയെ തോൽപ്പിച്ച് കിരീടം നേടിയതാണ് ഇന്ത്യയുടെ അവസാന വിജയം.

മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ സുഖ്ജീത് സിങ്ങിലൂടെ ഇന്ത്യ ലക്ഷ്യം കണ്ടു. കളിയുടെ ആരംഭത്തില്‍ തന്നെ ദക്ഷിണ കൊറിയ പ്രതിരോധത്തിലാക്കി മുന്നേറാനുള്ള ഇന്ത്യയുടെ തന്ത്രമാണ് ഇവിടെ ഫലം കണ്ടത്. ദക്ഷിണ കൊറിയന്‍ ഗോള്‍മുഖത്ത് ഇന്ത്യന്‍ താരങ്ങള്‍ ഇടതടവില്ലാതെ ഇരച്ചെത്തി.
ആദ്യ ക്വാര്‍ട്ടർ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയെ മറികടക്കാൻ ലക്ഷ്യമിട്ടാണ് കൊറിയ രണ്ടാം ക്വാര്‍ട്ടറില്‍ ഇറങ്ങിയത്. നിരവധി മുന്നേറ്റങ്ങൾ കൊറിയ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. മറുഭാഗത്ത് ഇന്ത്യ നടത്തിയ മുന്നേറ്റം വീണ്ടും വിജയം കണ്ടു. ദില്‍പ്രീത് സിങ്ങിൻ്റെ വകയായി ഇന്ത്യ രണ്ടാം ഗോളും നേടി. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0 ന് മുന്നിട്ടു നിന്നു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ദില്‍പ്രീത് സിങ് വീണ്ടും കൊറിയൻ ഗോൾ വല ഭേദിച്ചു – 3 – 0.
നാലാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ അമിത് രോഹിദാസ് ഇന്ത്യയ്ക്കായി നാലാം ഗോൾ നേടി. പിന്നാലെ കൊറിയ ഒരു ഗോൾ മടക്കിയെങ്കിലും തിരിച്ച് വരവ് അസ്ഥാനത്തായിരുന്നു.
