Monday, March 9, 2026

ഇന്ത്യയ്ക്ക് മൂന്നാം ട്വൻ്റി20 കിരീടം, കിവീസിനെ തകർത്തത് 96 റൺസിന് ; സഞ്ജു ‘പ്ലെയർ ഓഫ് ദ ടൂർണ്ണമെൻ്റ് ‘

Date:

അഹമ്മദാബാദ് : മൂന്നാമതും ട്വൻ്റി20 ലോകകപ്പ് കിരീടം കൈവിടാതെ ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകർത്താണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടത്തിൽ മുത്തമിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി.

മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല ഇന്നിംഗ്‌സാണ് ഇന്ത്യയെ ചരിത്ര സ്‌കോറിലേക്ക് നയിച്ചത്. ഓപ്പണിംഗ് ജോഡികളായ സഞ്ജു സാംസണും അഭിഷേക് ശർമയും ആദ്യ രണ്ട് ഓവറുകളിൽ 12 റൺസ് മാത്രം നേടി പതുക്കെയാണ് തുടങ്ങിയതെങ്കിലും പിന്നീട് താളം കണ്ടെത്തിയതോടെ ന്യൂസിലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവർപ്ലേ ഓവറുകളിൽ രണ്ടു പേരും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ ആറ് ഓവറിൽ 92 റൺസ് എന്ന നിലയിലെത്തി. ട്വൻ്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പവർപ്ലേ സ്‌കോറാണിത്.

വെറും 18 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക് ശർമ്മ എട്ടാം ഓവറിൽ 21 പന്തിൽ 52 റൺസുമായി പുറത്തായി. ഇതിനുപിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. പക്വതയോടെ ബാറ്റ് വീശിയ സഞ്ജു 33 പന്തിൽ നിന്ന് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 46 പന്തിൽ എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും ഉൾപ്പെടെ 193.48 സ്ട്രൈക്ക് റേറ്റിൽ 89 റൺസാണ് സഞ്ജു നേടിയത്. ഇതോടെ ട്വൻ്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജുവിന് സ്വന്തമായി. ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസ് നേടി മികച്ച പിന്തുണ നൽകിയതോടെ രണ്ടാം വിക്കറ്റിൽ ഈ സഖ്യം 105 റൺസ് കൂട്ടിച്ചേർത്തു. 12-ാം ഓവറിൽ തന്നെ ഇന്ത്യ 150 റൺസ് കടന്നിരുന്നു.

പതിനാറാം ഓവറിലെ ആദ്യ പന്തിൽ ജെയിംസ് നീഷാമിനെ സിക്‌സറിന് ഉയർത്താനുള്ള ശ്രമത്തിനിടെ കോൾ മക്കോഞ്ചിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. തുടർന്ന് വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായതും ഹാർദിക് പാണ്ഡ്യ 13 പന്തിൽ 18 റൺസ് നേടി മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. തിലക് വര്‍മയാവട്ടെ (8) റൺസ് എുടുക്കാൻ ബുദ്ധിമുട്ടി. എന്നാൽ അവസാന നിമിഷം ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ടീമിനെ 250 കടത്തി. എട്ട് പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 26 റൺസാണ് ദുബെ അടിച്ചെടുത്തത്. ന്യൂസിലൻഡിനായി ജെയിംസ് നീഷാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രചിൻ രവീന്ദ്ര, മാറ്റ് ഹെൻട്രി എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

ഇന്ത്യ മുന്നോട്ടുവെച്ച കൂറ്റൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ ന്യൂസിലൻഡിന്റെ തുടക്കം തന്നെ പാളി. . കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ കിവീസിനെ പ്രതിരോധത്തിലാക്കിയതോടെ അവരുടെ മുൻനിര ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറി. 2.4 ഓവറിൽ 9 റൺസെടുത്ത ഫിൻ അലനെ അക്സർ പട്ടേലിന്റെ പന്തിൽ തിലക് വർമ്മ പിടികൂടിയതോടെയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമായത്. തൊട്ടുപിന്നാലെ ഒരു റണ്ണെടുത്ത രചിൻ രവീന്ദ്രയെ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ നാല് ഓവറിൽ 32 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി ന്യൂസിലൻഡ്. നാലാമനായി എത്തിയ ഗ്ലെൻ ഫിലിപ്സിനെ അക്സർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കിയതോടെ പവർപ്ലേയിൽ തന്നെ മൂന്ന് നിർണ്ണായക വിക്കറ്റുകൾ അവർക്ക് നഷ്ടമായി.

ഏഴാം ഓവറിൽ മൂന്ന് റൺസ് മാത്രം എടുത്ത മാർക്ക് ചാപ്മാനെ ഹാർദ്ദിക് പാണ്ഡ്യ പുറത്താക്കിയതോടെ ന്യൂസിലൻഡ് 70 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. ഒരു വശത്ത് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ടിം സെയ്ഫെർട്ട് ഉറച്ചുനിന്നെങ്കിലും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. 26 പന്തിൽ നിന്ന് 52 റൺസെടുത്ത സെയ്ഫെർട്ടിനെ എട്ടാം ഓവറിലെ ആദ്യ പന്തിൽ വരുൺ ചക്രവർത്തി ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ചു. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (35 പന്തിൽ 43) രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ ഉയർത്തിയ വെല്ലുവിളി മറികടക്കാനായില്ല.  ന്യൂസിലൻഡ് നിരയിൽ ടിം സെയ്ഫെർട്ട്, ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഡാരിൽ മിച്ചൽ (11 പന്തിൽ 17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

നാല് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  അക്സർ പട്ടേൽ മൂന്ന് വിക്കറ്റും ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ടീം ഇന്ത്യ : അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുംറ.

ടീം ന്യൂസിലന്‍ഡ് : ടിം സെയ്ഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, റാച്ചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ  ഡിവൈഎഫ്ഐക്ക് എതിർപ്പ്; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കാസർഗോഡ് : നിയസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ...

സഞ്ജു സാംസണ് ഔദ്യോഗിക സ്വീകരണമൊരുക്കാൻ  സംസ്ഥാന സർക്കാർ

തിരുവനതപുരം : ട്വന്റി20 ലോക കപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ, ഫൈനൽ...

ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി;  അംഗീകരിക്കില്ലെന്ന് ട്രംപ്

ടെഹ്റാൻ : ഇസ്രായേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ...

സൗദി അൽ ഖർജിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് എംബസി

റിയാദ് : സൗദി അറേബ്യയിലെ അൽ ഖർജ് നഗരത്തിലെ ജനവാസ കേന്ദ്രത്തിലുണ്ടായ...