ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പ്രവർത്തനമാകെ താളം തെറ്റിയ മട്ടിലാണ്. വിമാനങ്ങൾ റദ്ദാക്കുന്ന പരിപാടി കമ്പനി തുടരുകയാണ്. വ്യാഴാഴ്ച മാത്രം രാജ്യത്തുടനീളമായി 550 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആകെ റദ്ദാക്കിയ വിമാനങ്ങളിൽ 191 സർവ്വീസുകൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. ഇത് വിമാനത്താവളങ്ങളിൽ വലിയ ആശയക്കുഴപ്പത്തിനാണ് വഴിവെച്ചിട്ടുള്ളത്. മിക്ക വിമാനത്താവളങ്ങളിലും മണിക്കൂറുകളായി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.
വിമാനം എപ്പോൾ പുറപ്പെടുമെന്നുള്ള ഒരു വിവരവും ആരിൽ നിന്നും ലഭ്യമാകുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
“കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇൻഡിഗോയുടെ ശൃംഖലയിലും പ്രവർത്തനങ്ങളിലും വ്യാപകമായ തടസ്സങ്ങൾ നേരിട്ടു. ഈ സംഭവങ്ങൾ മൂലം ബുദ്ധിമുട്ട് നേരിട്ട എല്ലാ ഉപഭോക്താക്കളോടും വ്യവസായ പങ്കാളികളോടും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ഈ കാലതാമസത്തിൻ്റെ ആഘാതം കുറയ്ക്കാനും പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും സിവിൽ ഏവിയേഷൻ മന്ത്രാലയം (MOCA), ഡി.ജി.സി.എ., ബി.സി.എ.എസ്., എ.എ.ഐ., വിമാനത്താവള ഓപ്പറേറ്റർമാർ എന്നിവരുടെ പിന്തുണയോടെ ഇൻഡിഗോ ടീമുകൾ പരിശ്രമിക്കുകയാണ്. ഞങ്ങളുടെ ഉപഭോക്താക്കളെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് അറിയിക്കുന്നത് തുടരുകയും ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു.” ഇൻഡിഗോ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡിഗോ എയർലൈൻസിൻ്റെ അവസ്ഥ ഇതാണ്. എത്ര നാൾ ഇത് തുടരും എന്നതിനും വ്യക്തമായ ഒരു ഉത്തരം ലഭ്യമാകുന്നുമില്ല. നവംബറിൽ മാത്രം എയർലൈൻ 1,232 വിമാനങ്ങളാണ് റദ്ദാക്കിയത്. ഒപ്പം നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കാൻ വ്യോമയാന റെഗുലേറ്റർ എയർലൈൻസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ജീവനക്കാരുടെ കുറവ്, എയർ ട്രാഫിക് കൺട്രോളിൻ്റെ (എ.ടി.സി.) പരാജയം തുടങ്ങിയ നിരവധി കാരണങ്ങളാണ് മോശം പ്രകടനത്തിന് പിന്നിലെന്നാണ് ഇൻഡിഗോ നൽകിയ മറുപടി. “റദ്ദാക്കിയ 1,232 വിമാനങ്ങളിൽ 755 എണ്ണം ജീവനക്കാരുടെ കുറവ് മൂലവും, 92 എണ്ണം എ.ടി.സി. പരാജയം മൂലവും, 258 എണ്ണം വിമാനത്താവള നിയന്ത്രണങ്ങൾ മൂലവും, 127 എണ്ണം മറ്റ് കാരണങ്ങളാലും റദ്ദാക്കിയതാണ്.” എയർലൈൻ വിശദീകരണം ഇങ്ങനെ പോകുന്നു. സേവനങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ ജീവനക്കാരെ നിയമിക്കാനുമുള്ള പ്രധാന നടപടികൾ കൈക്കൊള്ളാൻ ഡി.ജി.സി.എ. നിർദ്ദേശിച്ചിട്ടുണ്ട്.
