ബംഗളൂരു : കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്ത് ഇ ഡി. ഇരുമ്പയിര് കയറ്റുമതി കേസിലാണ് അറസ്റ്റ്. ആറോളം കേസുകളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുളളത്.
ഓഗസ്റ്റ് ആദ്യം സതീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലും സതീഷ് കൃഷ്ണ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു. ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ടുള്ള മുൻപ് നടത്തിയ പരിശോധനയിൽ 1.68 കോടി രൂപയും 6.75 കിലോ സ്വർണവും പിടികൂടിയിട്ടുണ്ട്. എംഎൽഎയുടെയും കൂട്ടുപ്രതികളുടേയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
സെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള ശ്രീമല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസ്. വനം വകുപ്പ് പിടിച്ചെടുത്ത ഇരുമ്പയിര് കാർവാറിലെ ബെലെക്കേരി തുറമുഖത്തു നിന്ന് മോഷ്ടിച്ചു കടത്തി എന്നതാണ് ആരോപണം. 2010ൽ രജിസ്റ്റർ ചെയ്ത കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണക്കോടതി ഏഴുവർഷം കഠിന തടവ് വിധിച്ചിരുന്നെങ്കിലും കർണാടക ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. പിന്നാലെയാണ് ഇഡി കേസ് വരുന്നത്.