തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ പഠനം നടത്തുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിനായി 10 കോടി അനുവദിച്ചതായി അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും ഇതിനായി പത്തുകോടി രൂപ വകയിരുത്തുന്നതായും മന്ത്രി അറിയിച്ചു.
ചാമ്പ്യൻസ് ബോട്ട് ലീഗിന് 10.4 കോടി നീക്കിവെച്ചതായും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന 79 കോടി വകയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് പാർക്കിന് അഞ്ചു കോടി രൂപയും ടെക്നോ പാർക്കിന് 25 കോടി രൂപയും ഇൻഫോ പാർക്കിന് 21.6 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ലൈഫ് സയൻസ് പാർക്കിന് 30 കോടി നീക്കിവെച്ചു. പാലായിലെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 11 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് 16 കോടിയും സംഗീത നാടക അക്കാദമിക്ക് 15 കോടിയും വകയിരുത്തി. കൈറ്റ് പദ്ധതിക്ക് 38.5 കോടിയും കോളേജ് സ്പോർട്സ് ലീഗിന് 2 കോടിയും നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു.
