ന്യൂഡൽഹി : കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റിക്കായി എച്ച് എം ടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ച് കേരള സർക്കാർ. ജസ്‌റ്റിസ് സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് ഇക്കാര്യത്തിലെ നിലപാട് അറിയിക്കാനായി എച്ച് എം ടിക്ക് നോട്ടീസയച്ചു. ഭൂമിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് നീക്കി, പകരം സീ പോർട്ട് എയർപോർട്ട് റോഡ്, കിൻഫ്ര എന്നിവയ്‌ക്ക് സമാനമായി എച്ച് എം ടി ഭൂമി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
ഭൂപരിഷ്ക്കരണ നിയമപ്രകാരം എച്ച് എം ടി ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ 2014 ലെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 2016 ൽ അപ്പീൽ നൽകിയിരുന്നു. നോട്ടീസ് അയച്ചുവെങ്കിലും തൽസ്ഥിതി ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇത് നീക്കണമെന്നാണ് പുതിയ അപേക്ഷയിലെ ആവശ്യം. ഹൈക്കോടതി രജിസ്‌ട്രാർ വഴി 27 ഏക്കർ ഭൂമിക്ക് നഷ്‌ടപരിഹാരം നൽകാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 2014 ലെ അടിസ്ഥാന മൂല്യനിർണ്ണയ റിപ്പോർട്ട് അനുസരിച്ചായിരിക്കും നഷ്‌ടപരിഹാരം കണക്കാക്കുക.
കൊച്ചിയിലെ 11 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി മന്ദിരം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സെപ്‌റ്റംബർ 25 ന് ഭൂമി ഏറ്റെടുക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.
