തിരുവനന്തപുരം: ‘സിഎം വിത്ത് മീ’ സിറ്റിസൺ കണക്ട് സെന്റർ സംവിധാനവുമായി പിണറായി സർക്കാർ. ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാനും സർക്കാർ പദ്ധതികൾ മുടക്കമില്ലാതെ ജനങ്ങളിലെത്തുന്നുണ്ടെന്ന് നേരിട്ടറിയാനും ഉതകുന്ന സംവിധാനമാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മീ). പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. നേരിട്ടും എത്താം.
മുഴുവൻ സമയ പ്രവർത്തന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. പ്രധാന സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് എളുപ്പത്തിൽ ലഭ്യമാകുന്ന വിവരം നൽകും. സർക്കാർ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കാനും സംവിധാനമുണ്ടാകും.
വിവിധ മിഷനുകൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കും. അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസം ഏകോപിപ്പിക്കാനും ഉപയോഗപ്പെടുത്തും.
വിവിധ വകുപ്പുകളിൽ നിന്നായിട്ടായിരിക്കും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുക. കെഎഎസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. മേൽനോട്ടം ഐഎഎസ് ഉദ്യോഗസ്ഥർ നിർവ്വഹിക്കും. കിഫ്ബിയായിരിക്കും സാങ്കേതിക, അടിസ്ഥാനസൗകര്യങ്ങളും അതിനുള്ള ഉദ്യോഗസ്ഥരെയും നൽകുക.
തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്നേറ്റെടുത്ത കെട്ടിടത്തിലാണ് സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തിക്കുക. ഇതു സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ മന്ത്രിസഭാ യോഗം തത്ത്വത്തിൽ അംഗീകരിച്ചു. പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തേണ്ട സേവനങ്ങൾ സംബന്ധിച്ച് അന്തിമ തീർപ്പുണ്ടാക്കി താമസിയാതെ അംഗീകാരം നൽകും.
